20 April Friday

ലോക കേരളസഭ: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


തിരുവനന്തപുരം > സംസ്ഥാനത്തിനകത്തും പുറത്തും താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ ആദ്യസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. 12നും 13നുമായി നിയമസഭാമന്ദിരത്തിലാണ് സഭ ചേരുന്നത്.

ലോക കേരളസഭയില്‍ 351 അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തിലെ മുഴുവന്‍ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്ത് 170 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യും.  നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളില്‍ വിവിധമേഖലകളില്‍നിന്നുള്ള പ്രമുഖ വ്യക്തികളും ഉണ്ടാകും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ലോക കേരളസഭയിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്.

കേരളീയരുടെ പൊതുസംസ്കാരത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നതുപോലെ പുറത്തുള്ളവര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലോക കേരളസഭയുടെ ലക്ഷ്യം. ലോക കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തനപരിപാടികളും അവതരിപ്പിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങളിലേക്ക് എത്തുന്നതിനും സഭ അവസരമൊരുക്കും. പൊതുസമ്മതമായ കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവപൂര്‍വമായ നടപടികള്‍ ശുപാര്‍ശചെയ്യുന്നതിനും സഭ പ്രവര്‍ത്തിക്കും.

പ്രധാന വാർത്തകൾ
Top