17 November Saturday

ആശ്വാസക്കിറ്റുകള്‍ ഒരുക്കാൻ ആവേശക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കാക്കനാട്‌ കമ്യൂണിറ്റിഹാളിൽ ദുരിതബാധിതർക്ക്‌ വിതരണംചെയ്യാനുള്ള കിറ്റിൽ വയ്‌ക്കാനുള്ള തുണികളുമായി വരുന്ന കുട്ടി

കൊച്ചി
വിദ്യാർഥികൾക്കും അധ്യാപകർക്കും പൊലീസിനും സർക്കാർ ജീവനക്കാർക്കും കുടുംബശ്രീ, ഐസിഡിഎസ്, സന്നദ്ധപ്രവർത്തകർക്കും ഒരേ ലക്ഷ്യമായിരുന്നു﹣ അതിവേഗത്തിൽ പ്രളയബാധിതർക്കായി ആശ്വാസക്കിറ്റുകൾ തയ്യാറാക്കണം. ചിലർ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ സാധനങ്ങളിറക്കിവയ്ക്കാനും അവ തരംതരിക്കാനും തരംതിരിച്ചവ പായ്ക്കറ്റുകളിലാക്കാനും ആവേശത്തോടെ മുന്നിട്ടിറങ്ങി. ചിലരാകട്ടെ, പായ്ക്കറ്റുകളിലാക്കിയെത്തിയ മുപ്പതോളം അവശ്യവസ്തുക്കൾ പ്രത്യേകം തയ്യാറാക്കിയ വലിയ കവറിലാക്കി. വേറെ ചിലർ ആ വലിയകവർ അതിവേഗത്തിൽ വാഹനങ്ങളിലേക്കെത്തിച്ചുകൊണ്ടിരുന്നു. വിദ്യാർഥികൾമുതൽ പെൻഷനായവർവരെ സമയം പാഴാക്കാതെ ഒരേമനസ്സോടെ ആശ്വാസക്കിറ്റ് തയ്യാറാക്കുന്നതിനായി പ്രവർത്തിച്ചു.

ഹെഡ്കോൺസ്റ്റബിളായി വിരമിച്ച പി കെ രാജു  ഒമ്പതുദിവസമായി ആശ്വാസക്കിറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമാണ്. പ്രളയബാധിതർക്കായി തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത് പ്രതീക്ഷ നൽകുന്നെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽനിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ സെയ്ദ് കുടുംബസമേതമാണ‌് കിറ്റ് തയ്യാറാക്കുന്നതിനായെത്തിയത്. രണ്ടുദിവസമായി ഇവർ കമ്യൂണിറ്റി ഹാളിലുണ്ട്. അവധിക്കാലം തീരാത്ത വിദ്യാർഥികളും അവധിയെടുത്തെത്തിയ ജോലിക്കാരുമെല്ലാം കിറ്റ് തയ്യാറാക്കുന്ന സംഘത്തിലുണ്ട‌്.

കുടുംബശ്രീപ്രവർത്തകർ കിറ്റ് തയ്യാറാക്കുന്ന കളമശേരിയിലെ വിതരണകേന്ദ്രത്തിൽ അറുപത്തിമൂത്തുകാരി ഗിരിജ ഗോപാലകൃഷ്ണനാണ് താരം. പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കോടെയാണ് ഗിരിജയുടെ പ്രവർത്തനം. പ്രളയബാധിതർക്കായി കിറ്റുകൾ തയ്യാറാക്കുന്നത് തന്റെ കടമയാണെന്നാണ് ഗിരിജയുടെ പക്ഷം.

അഞ്ചുകിലോഗ്രാം അരി, ഒരുകിലോ സവാള, അരക്കിലോവീതം പഞ്ചസാര, പയർ, പരിപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉള്ളി ഉൾപ്പെടെ അവശ്യസാധങ്ങൾ ഈ പായ‌്ക്കിലുണ്ടാകും. ലഭ്യതയനുസരിച്ച് മറ്റുസാധനങ്ങളും കുടുംബത്തിന് ലഭ്യമാണ്. ജില്ലയിൽ അഞ്ചിടത്താണ് സംഭരണ വിതരണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. കാക്കനാട് മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ, കലക്ടറേറ്റ്, കെബിപിഎസ്, പെരുമ്പാവൂർ ഗേൾസ് സ്‌കൂൾ, കളമശേരി ഗോഡൗൺ എന്നിവിടങ്ങളിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്. ഇതുവരെ ജില്ലയിൽ 80,542 കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. കിറ്റുകളുടെ വിതരണവും ദ്രുതഗതിയിൽ നടക്കുന്നു.

രാവിലെ ഒമ്പതുമുതൽ  മൂന്നുവരെയും മൂന്നുമുതൽ രാത്രി എട്ടുവരെയും രണ്ട് ഷിഫ്റ്റുകളിലായാണ് കിറ്റുകൾ തയ്യാറാക്കുന്നത്. വളന്റിയർമാരായി സേവനം നൽകുന്നതിന് സന്നദ്ധതയുള്ളവർ 1077, 7902200300 എന്നീ നമ്പറുകളിൽ രജിസ്റ്റർചെയ്യണം. രാവിലെ എട്ടുമുതൽ രജിസ്റ്റർചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top