16 November Friday

മാർക്‌സിസം നിരന്തരം നവീകരിക്കുന്ന ശാസ്‌ത്രം: എസ്‌ആർപി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


കാസർകോട്‌
മറ്റെല്ലാ ശാസ്‌ത്രവുംപോലെ ചുറ്റുപാടുകളോട്‌ ഏറ്റുമുട്ടി വികസിക്കുന്നതാണ‌് മാർക‌്സിസമെന്ന‌് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പറഞ്ഞു.  കാസർകോട്‌ മുനിസിപ്പൽ കോൺഫറൻസ്‌ ഹാളിൽ സിപിഐ എ എം സംഘടിപ്പിച്ച  ‘മാർക്‌സിന്റെ 200ാം ജന്മവാർഷികം’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു  അദ്ദേഹം.  ഉരുവിടാനുള്ള മന്ത്രമല്ല മാർക്‌സിസം. പ്രയോഗത്തിലൂടെയുണ്ടാകുന്ന അനുഭവങ്ങളിൽ  വളർത്താനും ‌  വികസിപ്പിക്കാനുമാകണം. നിരന്തരം നവീകരിച്ച്‌ മുന്നേറുകയാണ്‌ മാർക്‌സിസം. 

കമ്യൂണിസ്‌റ്റുകാർ  മാർക്‌സിസത്തിന്റെ ശാസ്‌ത്രജ്ഞരും പടയാളികളുമാണ്‌. ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന സാമൂഹ്യശക്തി ഭൗതിക ശക്തിയായി ഉയർന്നുവരണം. അനുഭവങ്ങളെ ചേർത്തുകൊണ്ട്‌ വികസിപ്പിക്കണം.  ഓരോ രാജ്യത്തെയും സാമൂഹ്യ സാഹചര്യമനുസരിച്ചാണ്‌  മാർക‌്സിസം നടപ്പാക്കുന്നത്‌. ചൈനയിലും ക്യൂബയിലും സോവിയറ്റ്‌ യൂണിയനിലും അതാണ്‌ കണ്ടത്‌. ഇന്ത്യയിലും അങ്ങനെയാണ്‌.   കാലാകാലങ്ങളിലുള്ള അനുഭവങ്ങൾ ഉൾക്കൊണ്ടാണ്‌  സിപിഐ എം പ്രവർത്തിക്കുന്നത്‌. ഇന്നലെ നിന്നടത്തല്ല ഇന്ന്‌ മാർക്‌സിസം.  ഏറ്റവും വികസനം നേടിയ സാമൂഹ്യ ശാസ്‌ത്രമാണിത്‌. അതിൽ എല്ലാവരുടെയും  സംഭാവന ചേർക്കുന്നു. മത ഗ്രന്ഥങ്ങൾ ചോദ്യം ചെയ്യപ്പെടാതെ   ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിൽക്കുമ്പോൾ പ്രയോഗിക്കാനുള്ളതും മാറ്റിത്തീർക്കാനുമുള്ള ദർശനമാണ്‌ മാർക്‌സിസം.  ശാസ്‌ത്ര സങ്കേതിക പുരോഗതി സാമൂഹ്യ വിപ്ലവത്തിന‌് ആക്കംകൂട്ടും.  ഇത‌് സാമൂഹ്യ മാറ്റം വേഗത്തിലാക്കുമെന്നും എസ്‌ആർപി പറഞ്ഞു.  സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു അധ്യക്ഷനായി. കെ എ മുഹമ്മദ്‌ ഹനീഫ ‌സ്വാഗതം പറഞ്ഞു.


പ്രധാന വാർത്തകൾ
Top