14 November Wednesday

ജീവിതം തുന്നിച്ചേർക്കുന്ന ‘മഹാലക്ഷ്മി’

ജിബിന എ എസ‌്Updated: Sunday Jul 1, 2018

തയ്യൽ പരിശീലനം നേടിയ ‘മഹാലക്ഷ്‌മി’ കുടുംബശ്രീ അംഗങ്ങളായ ഇതരസംസ്ഥാന സ്‌ത്രീകൾ



കൊച്ചി
അയൽക്കൂട്ടാംഗങ്ങളായ ഇതരസംസ്ഥാനക്കാർ തയ്യാറാക്കുന്ന ബ്രാൻഡഡ് തുണിത്തരങ്ങൾ പുറത്തിറക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീ. ഇതിന്റെ ഭാഗമായി എറണാകുളം എടയാറിൽ പ്രവർത്തിക്കുന്ന ഇതരസംസ്ഥാനക്കാരുടെ അയൽക്കൂട്ടമായ ‘മഹാലക്ഷ്മി'യിലെ അംഗങ്ങൾക്ക് തയ്യൽ പരിശീലനം നൽകി. ജില്ലാ കുടുംബശ്രീ മിഷനിൽ എംപാനൽചെയ്ത അമെക്‌സ് എന്ന ഏജൻസിയുടെ നേതൃത്വത്തിൽ ഹിന്ദി ഭാഷയിലായിരുന്നു 32 ദിവസത്തെ പരിശീലനം.

എട്ടുപേർ വീതമുള്ള രണ്ട് തയ്യൽ യൂണിറ്റുകൾ ഒരു മാസത്തിനകം നിലവിൽ വരും.  തയ്യൽ മെഷീനുകൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ഉടനടി യൂണിറ്റുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുമെന്ന‌് ജില്ലാ മിഷൻ അസിസ്റ്റന്റ് കോ‐ഓർഡിനേറ്റർ പി എം റജീന പറഞ്ഞു.

മാർച്ചിലാണ് കുടുംബശ്രീ കടുങ്ങല്ലൂർ സിഡിഎസിന് കീഴിൽ മഹാലക്ഷ്മി എന്ന പേരിൽ ഇതരസംസ്ഥാനക്കാരുടെ ആദ്യ അയൽക്കൂട്ടം തുടങ്ങിയത്. ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ തൊഴിലാളികളുടെ ഭാര്യമാരാണിവർ. ബിനാനിപുരം ഗവ. സ്‌കൂളിൽ പഠിക്കുന്ന ഇതരസംസ്ഥാന കുട്ടികളിലൂടെയാണ് ഇവരുടെ തയ്യൽ മികവ് കുടുംബശ്രീ എറണാകുളം ജില്ലാമിഷൻ അറിഞ്ഞത്. തയ്യൽ മെഷീന്റെ സഹായമില്ലാതെ അമ്മമാർ നിർമിച്ച തുണിത്തരങ്ങൾ കുട്ടികളാണ് സ്‌കൂളിലെത്തിച്ചത്. ഇത് അധ്യാപകർ സ്‌കൂളിലെത്തിയ കുടുംബശ്രീ ജില്ലാമിഷൻ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തി. 

ബിഹാർ സ്വദേശി അബിദ ഖാട്വമാണ് അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ‌്. ഇവർക്ക് ബിനാനിപുരം ഗവ. സ്‌കൂളിലാണ‌് തയ്യലിൽ പ്രത്യേക പരിശീലനം നൽകിയത്. കുടുംബശ്രീയുടെ സ്‌കിൽ ട്രെയ‌്നിങ് ഫണ്ട് ഉപയോഗിച്ചായിരുന്നു പരിശീലനം. കുടുംബശ്രീയുടെ പ്രത്യേക അയൽക്കൂട്ടങ്ങൾക്കായുള്ള സ്റ്റാർട്ട്അപ‌് ഫണ്ടാണ് യൂണിറ്റുകൾ ആരംഭിക്കുന്നതിനായി ഇവർക്ക് നൽകുന്നത്. ഡിഡിയു ജികെവൈയിലേക്കുള്ള യൂണിഫോമുകളാകും ഇവരാദ്യം തയ്യാറാക്കുക.  ബിസ്മില്ലാഹാണ് സ്റ്റാർട്ട്അപ‌് യൂണിറ്റിന്റെ പ്രസിഡന്റ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top