15 November Thursday

കേരള കോണ്‍. എംപിമാർ വരുത്തിയത‌് 20 കോടിയുടെ നഷ്ടം ; 15 കോടി പാഴാക്കി ജോയ്‌ എബ്രഹാം എംപി

എം വി പ്രദീപ‌്Updated: Sunday Jul 1, 2018



രാജ്യസഭയിൽ  ഞായറാഴ‌്ച കാലാവധി അവസാനിക്കുന്ന ജോയ് എബ്രഹാം എംപി  പ്രാദേശിക വികസന ഫണ്ടായ 15 കോടി രൂപ വിനിയോഗിക്കാതെ പാഴാക്കി. 2012 ജൂലൈ 2 മുതൽ 2018 ജൂലൈ ഒന്നുവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഓരോ വർഷവും പ്രാദേശിക വികസന ഫണ്ട് ഇനത്തിൽ അഞ്ച‌്‌ കോടി രൂപ വീതമാണ് എംപിമാർക്ക് ലഭിക്കുന്നത്. 30 കോടി രൂപയുടെ വികസന പദ്ധതികൾ സമർപ്പിക്കാമെന്നിരിക്കെ ജോയ് എബ്രഹാം സമർപ്പിച്ചത് 16. 5 കോടി രൂപ മാത്രം. ഇതിൽ 15 കോടി രൂപയുടെ പദ്ധതികൾക്കാണ‌് ഭരണാനുമതി ലഭിച്ചത‌്.  2015‐ മുതൽ 18 വരെ ഒരു പദ്ധതിപോലും ശുപാർശ ചെയ്തിട്ടില്ലെന്ന‌് രേഖകൾ വ്യക്തമാക്കുന്നു.

ജോസ് കെ മാണി രാജ്യസഭാംഗം ആയതുവഴി ഈ വർഷം കോട്ടയം ലോക‌്സഭാ മണ്ഡലത്തിൽ എം പി ഇല്ലാത്ത സാഹചര്യത്തിൽ പ്രാദേശിക വികസന ഫണ്ടായി ലഭിക്കേണ്ടിയിരുന്ന അഞ്ച‌് കോടി രൂപയും നഷ്ടമാകും. ഇതടക്കം മൊത്തം 20 കോടി രൂപയുടെ നഷ്ടമാണ് കേരള കോൺഗ്രസ‌് എം എംപിമാർ കേരളത്തിന‌് ഉണ്ടാക്കിയത‌്. രാജ്യസഭാ എംപിമാർക്ക‌് സംസ്ഥാനത്ത‌് എവിടെയും ഫണ്ട‌് ചെലവഴിക്കാമെങ്കിലും ഒരു ജില്ല നോഡൽ ജില്ലയായി തെരഞ്ഞെടുക്കണം. ജോയ‌് എബ്രഹാമിന്റെ നോഡൽ ജില്ല കോട്ടയമാണ‌്. കോട്ടയം ജില്ലയിൽ മാത്രം ചെലവഴിക്കാമായിരുന്ന 15 കോടി രൂപയാണ‌് ഒരു പദ്ധതി പോലും സമർപ്പിക്കാതെ പാഴാക്കിയത‌്. ജോസ‌് കെ മാണി രാജി വച്ചതുവഴി കോട്ടയത്തിന‌് അഞ്ചുകോടി കൂടി നഷ്ടമായി.

സി പി നാരായണൻ, പി ജെ കുര്യൻ എന്നിവരടക്കം  കേരളത്തിൽനിന്നുള്ള മൂന്ന‌് എംപിമാർ ഞായറാഴ‌്ച കാലാവധി പൂർത്തിയാക്കും.

പ്രധാന വാർത്തകൾ
Top