26 June Tuesday

ശബരിമല: സംഘാടനം അത്ഭുതാവഹം- രഘുറായ്

മനോജ് വാസുദേവ്Updated: Monday Jan 1, 2018


ശബരിമല > "നദിപോലെ ഒഴുകിയെത്തുന്ന പുരുഷാരം, അസൌകര്യങ്ങളൊന്നുമില്ലാതെയുള്ള ദര്‍ശനം, സുരക്ഷയും സുരക്ഷിത്വവും മറ്റു സൌകര്യങ്ങളും- അഭിനന്ദനാര്‍ഹമാണിത്, അത്ഭുതാവഹവും''- ശബരിമല തീര്‍ഥാടന കാലയളവില്‍ സര്‍ക്കാര്‍ ഒരുക്കിയ സംഘാടനത്തെ മുക്തകണ്ഠം പ്രശംസിക്കുന്നത് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വിഖ്യാത ഫോട്ടോജേണലിസ്റ്റ് രഘുറായ്.

ആദ്യമായി ശബരിമലയിലെത്തിയ രഘുറായ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് നോക്കിനിന്നു. പതിനെട്ടാംപടിയിലൂടെ തീര്‍ഥാടകരെ കൈപിടിച്ച് കയറ്റുന്നതുകണ്ട് 'സ്റ്റില്ലായി'. പലയിടങ്ങളിലും ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ശബരിമലയിലേതുപോലെയുള്ള ആസൂത്രണം എങ്ങും കാണാനായിട്ടില്ല.

ഒന്നിനുപിറകെ ഒന്നായി ആള്‍ക്കൂട്ടം ഒഴുകിയെത്തുകയാണ്. തീര്‍ഥാടകസഞ്ചയം, അനന്തമായി ഒഴുകുന്ന പുഴപോലെയാണിത്. എന്നിട്ടും ഒരാള്‍ക്കും ഒരു പരിഭവവുമില്ല. ഇവര്‍ക്ക് വേണ്ടി സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് കാട്ടുന്ന വൈഭവം അവിസ്മരണീയമാണ്. ഓരോ ആള്‍ക്കാരെയും പതിനെട്ടാംപടിയില്‍ കൈപിടിച്ചു കയറ്റുന്നത് ഏറെ ക്ളേശകരമാണ്. സേവനത്തിന്റെ ഉദാത്തമായ കാഴ്ചയാണിത്. സര്‍ക്കാരിന്റെയും അധികൃതരുടെയും തീര്‍ഥാടന നടത്തിപ്പ് എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇത്തരമൊരു അനുഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല- രഘുറായ് പറഞ്ഞു.

പ്രകൃതിയും വിശ്വാസവും സമ്മേളിക്കുന്ന അപൂര്‍വമായ ഇടമാണ് ശബരിമല. സന്നിധാനത്തും പരിസരങ്ങളിലും നിന്നുമായി നല്ല കുറേ ചിത്രങ്ങളെടുക്കാന്‍ സാധിച്ചു. അയ്യപ്പനെ കാണാനുള്ള ആകാംക്ഷയാണ് എല്ലാ മുഖങ്ങളിലും. ഇതും തിരക്കും കാടിന്റെ വിസ്മയകരമായ കുറച്ച് ചിത്രങ്ങളെടുക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് രഘുറായ് ശബരിമലയിലെത്തിയത്. രാത്രി പമ്പയില്‍നിന്ന് മലകയറിയ അദ്ദേഹം സന്നിധാനവും പരിസരവും ചുറ്റിനടന്നുകണ്ടു. ദര്‍ശനം നടത്തി. ഞായറാഴ്ച രാവിലെ ആള്‍ക്കൂട്ടത്തിലലിഞ്ഞു; തന്റെ ക്യാമറയുമായി. മണിക്കൂറുകള്‍ക്കുശേഷം പകല്‍ പത്തരയോടെ മടങ്ങി.

പ്രധാന വാർത്തകൾ
Top