14 November Wednesday

പായം സുകുമാരന്‌ നാടിന്റെ യാത്രാമൊഴി

സ്വന്തം ലേഖകൻUpdated: Thursday Aug 30, 2018
കുണ്ടംകുഴി
സിപിഐ എം ബിംബുങ്കാൽ ലോക്കൽ സെക്രട്ടറിയും ബേഡഡുക്ക പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനുമായ പായം സുകുമാരന്റെ മരണം വിശ്വസിക്കാനാകാതെ നാട്‌.   അന്തരിച്ച നേതാവിന്‌ ആദരാഞ്‌ജലിയർപ്പിക്കാൻ നാട്‌ ഒന്നാകെ ഒഴുകിയെത്തി. 
 പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ജനപ്രതിനിധി എന്ന നിലയിൽ നല്ല ജനകീയാംഗീകാരമുള്ള നേതാവായിരുന്നു സുകുമാരൻ. ദേശീയ തൊഴിലുറപ്പു തൊഴിലാളി സംഘടനയായ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ  ബേഡകം ഏരിയാ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചുവരികയായിരു ന്നു.  ഏരിയാ സമ്മേളനം സെപ്തംബർ രണ്ടിന്‌  മുന്നാട്  നടക്കാനിരിക്കുകയായിരുന്നു. സംഘാടക സമിതി  ജനറൽ കൺവീനറുമാണ്. ദീർഘകാലം കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി  സ്കൂൾ പിടിഎ പ്രസിഡന്റായി പ്രവർത്തിച്ച സുകുമാരൻ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി  മുൻ നിരയിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. മുന്നാട് പീപ്പിൾസ് കോളേജ്‌  പിടിഎ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. 
ബേഡകത്തുള്ളവർ ബുധനാഴ്ച ഉണർന്നത് ഞെട്ടലോടെയുള്ള വാർത്ത കേട്ടായിരുന്നു. മരണവാർത്ത  ആദ്യമാരും വിശ്വസിച്ചില്ല. ഒരു ജനകീയ നേതാവെന്ന നിലയിൽ അദ്ദേഹം ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ പൊതു സമ്മതനായിരുന്നു.  ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി ചെയ്യുന്ന അദ്ദേഹം  പഞ്ചായത്തിന്റെ ഭരണകാര്യങ്ങളിൽ മുൻനിരക്കാരനായിരുന്നു.  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  പഞ്ചായത്തിനുവേണ്ടി സജീവമായി ഇടപെട്ടിരുന്നു.  പഞ്ചായത്ത്  സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ  പ്രൈമറി സ്കൂളുകൾക്കായി ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകി നടപ്പാക്കി.  സദാ സൗമ്യ സ്വഭാവക്കാരനായ സുകുമാരൻ എന്തിനു ആത്മഹത്യ ചെയ്തു എന്നത് നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഒരു ചോദ്യചിഹ്നമാണ്. അതിന് തക്ക കാരണങ്ങളൊന്നും ഇല്ലായിരുന്നു എന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം. 
സുകുമാരന്റെ മൃതദേഹം കുണ്ടംകുഴി ഗവ.  ഹയർ സെക്കൻഡറി സ്‌കൂൾ,  സിപിഐ എം ബീംബുങ്കാൽ ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ,  ഡിവൈഎഫ്ഐ ജില്ലാ  സെക്രട്ടറി സി ജെ സജിത്ത് എന്നിവർ വീട്ടിലെത്തി ആദരാഞ്‌ജലിയർപ്പിച്ചു.  
വ്യാഴാഴ്‌ച പകൽ രണ്ടിന്‌ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിലും വൈകിട്ട്‌ നാലിന്‌ സിപിഐ എം ബീംബുങ്കാൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ  ബീംബുങ്കാലിലും സർവകക്ഷി അനുശോചന യോഗം  ചേരും. 
 
പ്രധാന വാർത്തകൾ
Top