25 September Tuesday

അതിജീവിക്കുന്ന കേരളത്തിന് കരുത്തേകാൻ കുടുംബശ്രീയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കാസർകോട്‌
പ്രളയദുരിതത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങാകാൻ  കുടുംബശ്രീ ജില്ലാമിഷനും. ആർത്തലച്ച് വന്ന പേമാരിക്കും പ്രളയത്തിനും മുമ്പിൽ  പകച്ചുപോയ ജീവിതങ്ങൾക്കായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 42 സിഡിഎസുകളിൽ നിന്നായി ശേഖരിച്ചത് 70 ലക്ഷത്തിലധികം രൂപയും മൂന്ന് ലോഡ് അവശ്യസാധനങ്ങളും.
കുടുംബശ്രീ സംസ്ഥാനമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ അയൽകൂട്ടങ്ങളുടെയും ആഗസ്ത് മൂന്നാം വാരത്തിലെ ത്രിഫ്റ്റ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ നിർദേശിച്ചിരുന്നു. സർക്കുലർ ലഭിച്ച് ഒറ്റ ദിവസത്തിനകം 1, 30,620 രൂപ ശേഖരിച്ച് നൽകി പിലിക്കോട് സിഡി എസ് ജില്ലാമിഷന്റെ കാരുണ്യ പ്രവാഹത്തിന് തുടക്കംകുറിച്ചു. തുടർന്ന് ഓരോ സിഡിഎസും ഇത് ആവേശപൂർവം ഏറ്റെടുക്കുകയായിരുന്നു. ഒരു ലക്ഷത്തിൽ കുറയാത്ത തുകയാണ് ജില്ലയിലെ 90 ശതമാനം സിഡിഎസുകളും നൽകിയത്. ത്രിഫ്റ്റ് തുക നൽകണം എന്നാണ് നിർദേശിച്ചതെങ്കിലും ദുരിത ഭൂമിയിൽ മനസ്സുതകർന്നുപോയ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ഓരോ അയൽകൂട്ടാംഗവും തങ്ങളാൽ കഴിയുംവിധം സംഭാവന നൽകി ദുരിതാശ്വാസ നിധിയിലേക്കുളള കുടുംബശ്രീയുടെ ധനസമാഹരണത്തിൽ പങ്കാളികളായി. 10757 അയൽക്കൂട്ടങ്ങളാണ് ജില്ലയിലുള്ളത്.
കാസർകോട് ബ്ലോക്ക്7,78,900 രൂപ, കാറഡുക്ക ബ്ലോക്ക് 11,13,555 രൂപ, നീലേശ്വരം ബ്ലോക്ക് 11,37,275 രൂപ, പരപ്പ ബ്ലോക്ക് 20,06,476 രൂപ, കാഞ്ഞങ്ങാട് 15,13,070 രൂപ, മഞ്ചേശ്വരം ബ്ലോക്ക് 3,72,290 രൂപ എന്നിങ്ങനെയാണ് ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീസഹായം നൽകിയത്. 4,26,880 രൂപ നൽകി ബേഡഡുക്ക സിഡിഎസ്സും 4,14,150 രൂപ നൽകി കോടോം‐ബേളൂർ സിഡിഎസ്സും മാതൃകയായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്ക് കീഴിലെ രണ്ട് സിഡിഎസ്സുകളിൽ നിന്നായി 4,50,345 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചത്. ചെങ്കള സി.ഡി.എസ് ശേഖരിച്ച ത്രിഫ്റ്റ്തുക 2,46,333 രൂപ ചെങ്കള പഞ്ചായത്തിനാണ് കൈമാറിയത്. ജില്ലാമിഷന്റെ മുഴുവൻ ഉദ്യോഗസ്ഥരും തങ്ങളുടെ ശമ്പളത്തിൽ ഒരു പങ്ക് ദുരിതാശ്വാസ പ്രവർത്തനത്തിനായി നീക്കിവെച്ചപ്പോൾ ജില്ലാ മിഷൻ ശേഖരിച്ച ആകെ തുക 70 ലക്ഷത്തിലധികമായി. ദുരിതാശ്വാസ നിധിയിലേക്കുളള ധനസഹായത്തിന് പുറമെ ദുരന്ത ബാധിതമേഖലകളിലേക്ക് അവശ്യസാധനങ്ങളെത്തിച്ചും ക്യാമ്പുകളിലെ വളണ്ടിയർമാരായും കാസർകോട്  കുടുംബശ്രീമിഷൻ ഉദ്യോഗസ്ഥർ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. മൂന്ന് ജില്ലാ പ്രോഗ്രാം മാനേജർമാർ ഒരാഴ്ചയോളം വയനാട് ജില്ലയിലെ ദുരന്തബാധിത മേഖലകളിലും വിവിധ ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ‐ഓർഡിനേറ്റർ ഡി ഹരിദാസിന്റെ നേതൃത്വത്തിൽ അവശ്യസാധനങ്ങളുമായി ഒരു വണ്ടിയും ജില്ലാമിഷൻ കോ ‐ഓർഡിനേറ്റർ ടി ടി സുരേന്ദ്രനും ബ്ലോക്ക് കോ ‐ഓർഡിനേറ്റർ അഖിൽരാജ് എന്നിവർ വസ്ത്രങ്ങളും അരിയും മറ്റ് ഭക്ഷ്യ ധാന്യങ്ങളുൾപ്പെടെ ഒരു ലോഡും വയനാട്ടിലെത്തിച്ച് സി കെ ശശീന്ദ്രൻ എം എൽഎയ്ക്ക് കൈമാറി. തുടർന്നും സിഡിഎസുകളിൽ നിന്ന് ദിവസേന ലഭിച്ച അവശ്യസാധനങ്ങൾ കാസർകോട് ഗവ. കോളേജിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ ഏൽപ്പിക്കുകയും ചെയ്തു. കുടുംബശ്രീ സപ്പോർട്ടിങ്‌  ടീമുകളായ ന്യൂട്രിമിക്‌സ് കൺസോർഷ്യം, ജില്ലാ ട്രെയിനിങ്‌ ടീം, ഓഡിറ്റിങ്‌ ടീം, കമ്യൂണിറ്റി കൗൺസലേഴ്‌സ് തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് തുകയും അവശ്യസാധനങ്ങളും കൈമാറി.
ജില്ലാ മിഷൻ കോ‐ഓർഡിനേറ്ററുടെ നേതൃത്വത്തിൽ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ,  കൗൺസിലർമാർ,  കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുൾപ്പെടുന്ന 54 അംഗ ദൗത്യസംഘം തൃശൂർ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലൊന്നായ ചാലക്കുടി കാടുകുറ്റി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചെമ്മനാട് സിഡിഎസ് ചെയർപേഴ്‌സൺ മുംതാസ് ഒരു മാസത്തെ ഹോണറേറിയം തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ തന്റെ ഒരു മാസ ശമ്പളം നൽകാൻ തയ്യാറായി. 
പ്രധാന വാർത്തകൾ
Top