17 December Monday

ലീഗിലെ കലാപം മറയ്ക്കാൻ പി ജയരാജനെതിരെ വ്യക്തിഹത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കാസർകോട്
ആർഎസ്എസ് ഫാസിസത്തിനെതിരെ പോരാടുന്ന പി ജയരാജനെ വ്യക്തിഹത്യ നടത്തി മുസ്ലിംലീഗിലെ  തിവ്രവാദി വിഭാഗം. പി ജയരാജനെ പ്രകീർത്തിച്ചതിന്  മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം അഡ്വ. സി ഷുക്കൂറിനെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നവർതന്നെയാണ് പി ജയരാജനെതിരെയും  ഉറഞ്ഞ് തുള്ളുന്നത്. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെയുള്ള കള്ള പ്രചാരണം ഏറ്റുപിടിച്ചാണ് വ്യക്തിഹത്യ. 
അരിയിൽ ഷുക്കൂർ കേസിൽ പി ജയരാജനെ പ്രതിയാക്കുന്നത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ടാണ്. പൊലീസ് ഇന്റലിജൻസ് വിഭാഗം തലവനായിരുന്ന സെൻകുമാറാണ് തിരക്കഥയൊരുക്കിയത്. പാർടി കോടതി, വിചാരണ, വധിക്കാൻ ഉത്തരവിട്ടു തുടങ്ങിയവ ഈ തിരക്കഥയുടെ ഭാഗമാണ്. പി ജയരാജനും ടി വി രാജേഷ് എംഎൽഎക്കും എതിരെ 120 ബി വകുപ്പ് പ്രകാരം ഗൂഢാലോചനക്ക്  കേസെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ പൊലീസ് ശ്രമിച്ചത്. ഇതിന് ഒരു പുൽക്കൊടിയുടെ തെളിവ് പോലും ഇല്ലെന്നായപ്പോൾ നിയമവൃത്തങ്ങൾ ചത്ത വകുപ്പെന്ന് വിശേഷിപ്പിക്കുന്ന 118 ബി  പൊടി തട്ടിയെടുത്തു. കുറ്റ കൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. യുഡിഎഫ് സർക്കാർ സർവശക്തിയും ഉപയോഗിച്ച് വാദിച്ചിട്ടും ഹൈക്കോടതി ഇരുവർക്കും ജാമ്യം നൽകി. 
തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ലീഗ് പ്രവർത്തകരായ രണ്ട്  ജീവനക്കാരെ കള്ള സാക്ഷികളാക്കിയാണ് 118 ബി വകുപ്പ് ചുമത്തിയത്. ആർഎസ്എസിന്റെ സ്വന്തക്കാരനും അവരുടെ വോട്ടും വാങ്ങി അഴിക്കോട് നിന്ന് ജയിച്ച കെ എം ഷാജി എംഎൽഎ ആണ് ഇതിന് ചൂട്ട് പിടിച്ചത്. അരിയിൽ  ഷുക്കൂറിനെ വധിക്കാനുള്ള നിർദേശം ലോക്കൽ സെക്രട്ടറി നൽകുമ്പോൾ പരിയാരം മെഡിക്കൽ കോളേജിലെ മുറിക്കകത്ത് ഉണ്ടായിരുന്ന പി ജയരാജനും ടി വി രാജേഷും തടഞ്ഞില്ലെന്നാണ് കള്ളസാക്ഷികൾ മൊഴി നൽകിയത്. ജയരാജൻ ഉണ്ടായിരുന്ന മുറിക്ക് പുറത്തൂടെ പോകവേയാണ് തങ്ങളിത് കേട്ടതെന്ന് സാക്ഷികൾ പറയുന്നതായി പരിഹാസ്യമായ മൊഴിയുണ്ടാക്കി. മൊബൈൽ വഴി അയച്ച് കിട്ടിയ ഫോട്ടോ നോക്കി ജയരാജൻ ഷുക്കൂറിനെ തിരിച്ചറിഞ്ഞെന്നും മൊഴിയുണ്ടായി. ജയരാജന്റെ ഫോൺ അരിച്ച് പെറുക്കിയിട്ടും ഫോട്ടോ സ്വീകരിക്കാനുള്ള സംവിധാനമോ മറ്റ് തെളിവുകളോ ഉമ്മൻ ചാണ്ടിയുടെ പൊലീസിന് കണ്ടത്താനായില്ല.
സംഭവം നേരത്തെ അറിഞ്ഞെങ്കിൽ ലീഗ് പ്രവർത്തകരായ  സാക്ഷികൾ എന്തുകൊണ്ട് പൊലീസിനെയോ നേതാക്കളെയോ അറിയിച്ചില്ലെന്ന  വസ്തുത തിരിഞ്ഞുകുത്തി. കുറ്റകൃത്യം തടഞ്ഞില്ലെന്ന വകുപ്പിൽ തങ്ങളും പ്രതികളാകുമെന്ന് തിരിച്ചറിഞ്ഞപ്പോൾ   സാക്ഷികൾ സത്യം പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ പോയിട്ടില്ലെന്ന് തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ ഇവർ സത്യവാങ്മൂലം നൽകി. പി ജയരാജനെതിരെയുള്ള കേസ് തകർന്നടിയുമെന്നായപ്പോൾ കേസ് സിബിഐക്ക് കൈമാറാൻ നടപടിയുണ്ടായി.  മോഡി സർക്കാരിന്റെ കൂട്ടിലെ തത്തയായ സിബിഐയും ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ വഴിയിലാണ്. കുറ്റം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പിട്ട് തെളിവ് തേടി വലയുകയാണ് സിബിഐ. 

 

പ്രധാന വാർത്തകൾ
Top