24 September Monday
കർക്കടകത്തിൽ ആരോഗ്യ സന്ദേശവുമായി കുടുംബശ്രീ

ഔഷധക്കഞ്ഞി പിന്നെ പായസവും...

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 സ്വന്തം ലേഖകൻ

കാസർകോട്‌
ചെങ്കള കണ്ടോൾമൂലയിലെ പാടത്ത്‌ രതിയും സംഘവും കൂട്ടായ്‌മയിൽ വിളയിച്ച ആതിര നെല്ലിൽ ഉണ്ടാക്കിയ കഞ്ഞി, മടിക്കൈയിലെ കുടുംബശ്രീ ഡിഡിഎസിലെ ലീനയും സംഘവും ഉണ്ടാക്കുന്ന പായസം... കലക്ടറേറ്റ്‌ അങ്കണത്തിൽ കർക്കടകത്തെ കുടുംബശ്രീ വരവേറ്റത്‌ ഇങ്ങനെയാണ്‌. സ്‌റ്റാളിൽ തിരക്കോടു തിരക്കുതന്നെ. ഉച്ചസമയത്ത്‌ കഞ്ഞി കുടിക്കാൻ എത്തുന്നവർ ഏറെ. എല്ലാവർക്കും കഞ്ഞിയും പായസവും നൽകി  കർക്കടകത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടത്‌ ബോധ്യപ്പെടുത്തുകയാണ്‌ ജില്ലാ കുടുംബശ്രീ മിഷൻ. 
വെള്ള കോട്ടും  പച്ച ഏപ്രണും തൊപ്പിയും അണിഞ്ഞ കുടുംബശ്രീ പ്രവർത്തകർ രാവിലെയെത്തും. സ്‌റ്റാളിൽതന്നെ കഞ്ഞിയും പായസവും തയ്യാറാക്കും. 10 കഴിയുമ്പോഴേക്കും ചുക്കു കാപ്പിയും റാഗി അടയും റാഗി പഴംപൊരിയും ചക്ക ഉണ്ണിയപ്പവും റെഡിയാകും. അതിനും ആവശ്യക്കാരേറെ. 
കർക്കടക മാസത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സിഡിഎസുകളുടെയും നേതൃത്വത്തിൽ ഔഷധ കഞ്ഞി സ്‌റ്റാളുകൾ ആരംഭിച്ചതായി ജില്ലാ കുടുംബശ്രീ മിഷൻ കോ‐ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു. നാട്ടിൽ ലഭ്യമാകുന്ന വിഭവങ്ങളിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാൻ ജനങ്ങളിൽ ബോധവൽകരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. സിവിൽസ്‌റ്റേഷന്റെ മുറ്റത്ത്‌ ആരംഭിച്ച സ്‌റ്റാൾ തിങ്കളാഴ്‌ച കൂടിയുണ്ടാകും. സിഡിഎസുകളുടേത്‌ കർക്കടകം മുഴുവനുണ്ടാകും. എല്ലായിടത്തും നല്ല തിരക്കാണെന്ന്‌ അദ്ദേഹം പറഞ്ഞു. 
എടനീരിലെ ശ്രീലക്ഷ്‌മി   ജെഎൽജിയാണ്‌ വിവിധതരം കഞ്ഞി തയ്യാറാക്കുന്നത്‌. കെ രതി, ബി വാസന്തി, ബി സൗമ്യ, പി അംബിക, എ പ്രസീത എന്നിവരാണ്‌ ജെഎൽജി അംഗങ്ങൾ. കുേണ്ടാൾപാടത്ത്‌ എല്ലാവർഷവും ഇവർ കൃഷി ചെയ്യും. കഴിഞ്ഞവർഷത്തെ നെല്ലാണ്‌ കഞ്ഞിയുണ്ടാക്കാൻ കൊണ്ടുവന്നത്‌. പുറമെ ജീരകക്കഞ്ഞി, പൊടിയരിക്കഞ്ഞി, പാൽക്കഞ്ഞി, ഞവരക്കഞ്ഞി, ഗോതമ്പ്‌ കഞ്ഞി എന്നിവയുണ്ട്‌. മത്തൻ, തകര, ചേന, പയർ, കാന്താരി, വയല, ചേമ്പ്‌, മുത്തൾ, ചീര എന്നിവയുടെ ഇല കൊണ്ടുള്ള തോരനാണ്‌ കറി. പുറമെ, നെല്ലിക്ക ചമ്മന്തിയും ഉണ്ട്‌. വിവിധ രോഗങ്ങൾക്കുള്ള നാടൻ പ്രതിവിധിയാണ്‌ ഇവ. കഞ്ഞിക്ക്‌ 40 രൂപയാണ്‌ വില. 
മുളയരി പായസം, ഞവര പായസം, നേന്ത്രപ്പഴം കൊണ്ടുള്ള പ്രഥമൻ എന്നിവയാണ്‌ മടിക്കൈക്കാർ ഒരുക്കുന്നത്‌. എൻ വി ലീനയും എം ആർ രഞ്‌ജിനിയുമാണ്‌ സ്‌റ്റാളിൽ. കോതോട്ടുപാറ സൗപർണിക കുടുംബശ്രീയുടെ പ്രവർത്തകരാണിവർ. ഒരു ഗ്ലാസ്‌ പായസത്തിന്‌ 30 രൂപയാണ്‌.   ചട്ടഞ്ചാലിലെ സഫലം കുടുംബശ്രീ യൂണിറ്റിന്റെ വറുത്ത കശുവണ്ടിയും സ്‌റ്റാളിലുണ്ട്‌. 
 
പ്രധാന വാർത്തകൾ
Top