19 September Wednesday

പ്രളയത്തെ നേരിട്ട പിണറായി വിജയൻ രാജ്യത്തിന്റെ മാതൃക: ടി പത്മനാഭൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ഉദുമ
ഈ നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തെ നേരിടാൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ ദുരന്ത നിവാരണ പ്രവർത്തനം രാജ്യത്തിന്‌ മാതൃകയാണെന്ന്‌  കഥാകൃത്ത്‌ ടി പത്മനാഭൻ. ശ്രീ നാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന്‌ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച  സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജാതിമത രാഷ്‌ട്രീയഭേദമെന്യേ കേരള ജനത ഒെത്താരുമയോടെയാണ്‌ പ്രളയത്തെ നേരിട്ടത്‌. കൂട്ടായ പ്രവർത്തനങ്ങൾക്കൊപ്പമാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കോടികൾ സഹായ മായി എത്തിയത്‌.  ഈ കൂട്ടായ്‌മ തകർക്കാൻ  ചിലരുടെ ഭാഗത്ത്‌ നിന്നുണ്ടായ അപശബ്ദങ്ങൾ ആപൽക്കരമായ സന്ദേശമാണ്‌. ഏതുനല്ലകാര്യം ചെയ്‌താലും അഭംഗുരം വിമർശിച്ചിരുന്ന സാമൂഹ്യ മാധ്യമങ്ങൾ പിണറായി വിജയന്റെ  നേതൃത്വത്തിൽ നടത്തിയ പ്രളയ ദുരന്ത പ്രവർത്തനത്തെപ്പറ്റി വൻ പ്രാധാന്യത്തോടെയാണ്‌ പ്രശംസിച്ചത്‌. പിണറായി സർക്കാർ നേടിയ അംഗീകാരത്തിൽ വിദ്വേഷം സൃഷ്്‌ടിക്കാനാണ്‌ ചിലരുടെ ഭാഗത്ത്‌ നിന്നുണ്ടായ പ്രസ്‌താവനകൾ.  ഇത്‌   ദുഃഖകരമാണെന്ന്‌ ടി പത്മനാഭൻ പറഞ്ഞു. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എ ജി സി ബഷീർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു.  സുവർണ  ജൂബിലിയുടെ ഭാഗമായി നടത്തിയ സാഹിത്യ രചന മത്സരത്തിലെ  വിജയികൾക്ക് പുരസ്‌കാരം നൽകി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌  കെ ബാലകൃഷ്‌ണൻ അനുമോദിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ മുഹമ്മദാലി, സി എച്ച്‌ നാരായണൻ എന്നിവർ സംസാരിച്ചു.  പി വി രാജേന്ദ്രൻ സ്വാഗതവും  പള്ളം നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന്‌ ഉസ്‌താദ്‌ ഹസൻ ഭായി സംഘത്തിന്റെ ഷഹനായ്‌ കച്ചേരിയും അംബിക കലാകേന്ദ്രം വിദ്യാർഥികളുടെ നൃത്തസന്ധ്യയും അരങ്ങേറി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top