16 November Friday

ലണ്ടൻ മണ്ണിൽ കാസർകോട്ടെ യുവാക്കൾ ബൂട്ടണിയുന്നു

രാജേഷ്‌ മാങ്ങാട്‌Updated: Saturday Jul 28, 2018

 കാസർകോട്

കാസർകോടൻ ഫുട്ബോൾ യുവത്വം ഇംഗ്ലണ്ടിന്റെ മണ്ണിൽ ബൂട്ടണിയുന്നു. ചരിത്രത്തിലാദ്യമായി കാസർകോടൻ കൂട്ടായ്മയാണ് ആഗസ്ത് ആറിന് ലണ്ടനിലെ ജെൻ കിൻസ് ലെയ്ൻ പവർ ലീഗ് സ്റ്റേഡിയത്തിൽ യുകെ 14 ലീഗ് ഫൈവ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 
കാസർകോടിന്റെ ഫുട്ബോൾ തരംഗം ലണ്ടനിലെ പവർ ലീഗ് സ്റ്റേഡിയത്തിൽ ആവേശ തിരയിളക്കമാകുന്നതിന്റെ സന്തോഷത്തിലാണ് യുകെയിൽ കഴിയുന്ന കാസർകോട്ടുകാരും കായിക പ്രേമികളായ മറ്റ് മലയാളികളും. കാസർകോട് ജില്ലക്കാർ മാത്രമാണ് സംഘാടകരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിലെ കളിക്കാരുമെന്ന പ്രത്യേകതയുമുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിനായി സംഘാടനം വഴി ലഭിക്കുന്ന തുക വിനിയോഗിക്കും. വെംബ്ലി എഫ്സി, എയ്ൻസ് ബറി റോവേഴ്സ്, ഓക്സ്ഫേർഡ്സ് ട്രൈക്കേഴ്സ്, സോഹോ സ്പോർട്ടിങ്‌,  വിക്ടോറിയ എഫ്സി എന്നീ ടീമുകൾ ബൂട്ടണിയും. 
ഇബ്രാഹിം ഹർഷാദ് ചെയർമാനും ബാസിം ബഷീർ സെക്രട്ടറിയുമായുള്ള ഫുട്ബോൾ കമ്മിറ്റിയാണ് ലണ്ടനിലെ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ മലയാളികൾ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ന്നവർ, ഇംഗ്ലണ്ടിൽ ഉന്നത പഠനം നടത്തുന്ന മലയാളി വിദ്യാർഥികൾ എന്നിവരിലെല്ലാം ഫൈവ്സ് ഫുട്ബോൾ ലീഗിന്റെ അലയൊലികളെത്തി കഴിഞ്ഞു. കേരളത്തിലെ പ്രഗത്ഭ താരങ്ങളെല്ലാം പിന്തുണയും ആശംസയും അറിയിച്ചിട്ടുണ്ട്.
യുഎ ഇയിൽ ഉടനീളം വ്യാപിച്ച് കിടക്കുന്ന പ്രമുഖ സ്ഥാപനമായ ഫില്ലി കഫേയാണ് ടീമുകളുടെ ജേഴ്സി സ്പോൺസർ ചെയ്യുന്നത്. വിജയികൾക്ക് ട്രോഫികളും യഥാക്രമം 2001, 1001 വീതം പൗണ്ടും  സമ്മാനമായി നൽകും. സ്പോൺസർമാരായ രാജേഷ് റാം,തയ്യാബ് മുഹമ്മദ് എന്നിവർ ചേർന്ന് ആഗസ്റ്റ് ആറിന്‌  പകൽ 12 ന്‌  തുടങ്ങുന്ന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. 
പ്രധാന വാർത്തകൾ
Top