Top
21
Thursday, September 2017
About UsE-Paper
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളല്‍

7.56 കോടി അനുവദിക്കണം: നിയമസഭാ സമിതി

Friday Jul 28, 2017
വെബ് ഡെസ്‌ക്‌
കാസര്‍കോട് > എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ  കടബാധ്യത എഴുതിത്തള്ളാന്‍ 7.56 കോടി രൂപ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനുള്ള നിയമസഭാ സമിതി ചെയര്‍പേഴ്സണ്‍ ഐഷാ പോറ്റി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നിയമസഭ സമിതി സിറ്റിങ്ങില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു അവര്‍.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി വ്യോമമാര്‍ഗം തളിച്ചതിനാലുണ്ടായ  ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച സമഗ്രമായ ശാസ്ത്രീയ പഠനം നടത്തുന്നതിനും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുളിയാറില്‍ സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന്  ഭരണാനുമതി വേഗത്തിലാക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്തു. 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി പത്തുവര്‍ഷം ഉയര്‍ത്തി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ദുരിതബാധിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന്  ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍, കുടുംബത്തിലെ ഒരംഗത്തിന് പ്രായപരിധിയില്‍ പത്തുവര്‍ഷത്തെ  ഇളവ് അനുവദിക്കാനും സമിതി ശുപാര്‍ശ ചെയ്തു. ദുരിതബാധിതരില്‍ ഭവനരഹിതരായ  മുഴുവനാളുകള്‍ക്കും വീട് നല്‍കുന്നതിന് പ്രത്യേക പരിഗണന നല്‍കണം. ലൈഫ് പദ്ധതിയില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കണം. ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് അറിവുണ്ടാക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. നേരത്തെ ലഭിച്ച 58 പരാതികളില്‍ തെളിവെടുത്തു. 30 പുതിയ പരാതികള്‍ സ്വീകരിച്ചു. 
സമിതി അംഗങ്ങളായ പി അബ്ദുള്‍ ഹമീദ്, പ്രൊഫ. എന്‍ ജയരാജ്, കെ കെ രാമചന്ദ്രന്‍ നായര്‍, ഇ കെ വിജയന്‍, കലക്ടര്‍ കെ ജീവന്‍ബാബു, നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി ബി റെജി, പൊലീസ് മേധാവി കെ ജി സൈമണ്‍, എഡിഎം കെ അംബുജാക്ഷന്‍, ഡിവൈഎസ്പി പ്രേമരാജന്‍, ഡിഡിപി ഇന്‍ചാര്‍ജ് കെ വിനോദ്കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ എന്നിവര്‍ സംസാരിച്ചു.