11 December Tuesday

ഓവർസിയറുടെ സസ്‌പെൻഷൻ കാസർകോട്‌ നഗരസഭയിൽ വകുപ്പുതല അന്വേഷണം

സ്വന്തം ലേഖകൻUpdated: Friday Jul 27, 2018
കാസർകോട്
നഗരസഭയിലെ ഓവർസിയർ സി എസ് അജിതയെ സസ്പെൻഡ് ചെയ്ത ഭരണസമിതി നടപടിയിൽ വകുപ്പുതല അന്വേഷണം തുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ്‌ കോഴിക്കോട് നോർത്ത് റീജണൽ  എക്‌സിക്യൂട്ടീവ്‌ എൻജിനിയർ  കെ അലിയാണ് വ്യാഴാഴ്ച നഗരസഭയിലെത്തി അന്വേഷണം ആരംഭിച്ചത്. സസ്പെൻഷന് ആധാരമായ വീട് സന്ദർശിച്ച് ഉടമസ്ഥനായ പത്മനാഭയുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ നഗരസഭാ ഓഫീസിലെത്തി ഇതുസംബന്ധിച്ച ഫയലുകളും ശേഖരിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, മറ്റ് ജീവനക്കാർ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. സസ്പെൻഷനിലുള്ള അജിതയുടെ മൊഴിയെടുത്ത ശേഷം ഫയലുകൾ  പരിശോധിച്ച് ചീഫ് എൻജിനിയർക്ക് റിപ്പോർട്ട് നൽകുമെന്ന് എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കെ അലി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.
ബിപിഎൽ ഭവനനിർമാണത്തിന് ക്രമവിരുദ്ധമായി അനുവദിച്ച പണം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട് നൽകിയതിനാണ് ഓവർസിയർ സി എസ് അജിതയെ നഗരസഭാധ്യക്ഷയുടെ  നിർദേശാനുസരണം സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക പരിശോധനയിൽ സസ്പെൻഷൻ നടപടി ഉചിതമല്ലെന്നും ഏകപക്ഷീയമാണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്തരവ് ചീഫ് എൻജിനിയർ റദ്ദാക്കി. എന്നാൽ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ച്  രണ്ടുമാസത്തെ സ്റ്റേ വാങ്ങി. ഭരണസമിതിയുടെ നടപടി ചോദ്യം ചെയ്ത് മൂന്നാം ഗ്രേഡ് ഓവർസിയറായ സി എസ് അജിത ചീഫ് എൻജിനിയർക്ക് നൽകിയ പരാതിയെ തുടർന്നാണ് എൽഎസ്ജിഡി കോഴിക്കോട് നോർത്ത് റീജണൽ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ  കെ അലി വ്യാഴാഴ്ച നഗരസഭയിലെത്തി അന്വേഷണം ആരംഭിച്ചത്. 
നഗരസഭയിൽ നടക്കുന്ന അഴിമതികൾ പുറംലോകമറിയുന്നതിന് അജിത കാരണക്കാരിയായെന്നാണ് ഭരണസമിതിയുടെ ‘കണ്ടെത്തൽ’. ഇതാണ് അവരെ സസ്‌പെൻഡ്‌ ചെയ്യാൻ  നഗരസഭയെ പ്രേരിപ്പിച്ചത്. ഭരണസമിതിയുടെ ഇംഗിതത്തിനനുസരിച്ച് നിലകൊള്ളുന്ന ജീവനക്കാർക്ക് സാന്പത്തിക നേട്ടത്തിനൊപ്പം മറ്റ് പല വാഗ്ദാനങ്ങളും ഭരണസമിതി നൽകുന്നുണ്ട്. മിക്ക ജീവനക്കാരും വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്നത്  വ്യക്തമാണ്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം വന്നാൽ നഗരസഭയിലെ അഴിമതികൾ പുറത്താകും.  
അതേസമയം സിപിഐ എം കാസർകോട് ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ കലക്ടർക്ക് നൽകിയ പരാതിയിൽ എൽഎസ്‌ജിഡി എക്സിക്യൂട്ടീവ് എൻജിനിയർ കെ മധുസൂദനൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നഗരസഭയിലെത്തിയ എക്സിക്യൂട്ടീവ് എൻജിനിയർ പരാതി സംബന്ധിച്ച ചില ഫയലുകൾ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാൻ സെക്രട്ടറിക്ക് സാധിച്ചില്ല. മഹാലസ ടെന്പിൾ റോഡ് മൂന്നാംഭാഗം കോൺക്രീറ്റിങ്, തളങ്കര പടിഞ്ഞാർ റോഡ് പ്രവൃത്തി, പുതിയ ബസ്‌സ്‌റ്റാൻഡ് നവീകരണം എന്നിവ സംബന്ധിച്ച രേഖകൾ ഫയലിൽ ഉണ്ടായില്ല.  ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് വച്ചതും അംഗീകാരം നേടിയതുമായപ്രവൃത്തികളെ സംബന്ധിച്ചാണ്‌   സിപിെഎ എം പരാതി നൽകിയത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top