Top
17
Sunday, December 2017
About UsE-Paper

സര്‍ക്കാര്‍ 5 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനം നടത്തും : ജി സുധാകരന്‍

Saturday Nov 25, 2017
വെബ് ഡെസ്‌ക്‌
ദേലംപാടി > സംസ്ഥാനസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്താകെ അഞ്ചുലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുമെന്ന് പൊതുമരാമത്ത്  മന്ത്രി  ജി സുധാകരന്‍ പറഞ്ഞു.  18 മാസത്തിനിടെ  അവതരിപ്പിച്ച  രണ്ട് ബജറ്റിലായി അനുവദിക്കപ്പെട്ട 75,000 കോടി രൂപയുടെ  വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മാത്രം 25,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി  പറഞ്ഞു. ദേലംപാടിയില്‍ പള്ളത്തൂര്‍ പാലത്തിന്റെയും പള്ളത്തൂര്‍- അഡൂര്‍- പാണ്ടി റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഗ്രാമ- നഗര വ്യത്യാസമില്ലാതെ  സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഗതാഗത- അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കുമെത്തിക്കും. ഭരണസിരാകേന്ദ്രങ്ങളില്‍നിന്ന് ഏറ്റവും ദൂരെയുള്ള സ്ഥലങ്ങളിലും സര്‍ക്കാരിന് ശ്രദ്ധയുണ്ട്. അതിന്റെ തെളിവാണ് കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വികസനത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 
കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, നെട്ടണിഗെ മൂടന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശങ്കരി ഭണ്ഡാരി, ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ പി ഉഷ, സുഹൈബ്, എ ചന്ദ്രശേഖര എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ പി കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   പഞ്ചായത്ത് പ്രസിഡന്റ് എ മുസ്തഫ സ്വാഗതവും പിഡബ്ള്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി റിയാദ് നന്ദിയും പറഞ്ഞു.
ദേലംപാടിയെ കര്‍ണാടകത്തിലെ ഈശ്വരമംഗലവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 7.58 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പള്ളത്തൂര്‍- അഡൂര്‍- പാണ്ടി റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് മൂന്നുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കും. 
 
 

Related News

കൂടുതൽ വാർത്തകൾ »