20 September Thursday

കാലവർഷക്കെടുതി; നഷ്ടം 4.65 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കാസർകോട് 

ജില്ലയിൽ കാലവർഷം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോൾ കാലവർഷക്കെടുതിയിൽ കൃഷിയിടങ്ങൾക്കും വീടുകൾക്കുമുണ്ടായ നാശനഷ്ടം 4,64,67,128 രൂപയായി. 12 പേർ മരിച്ചു.  379.61 ഹെക്ടർ കൃഷി നശിച്ചു. 3,95,02,597 രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത്.  266 വീടുകൾക്ക് നാശനഷ്ടമുണ്ടായി.  ഇതിൽ 44 വീടുകൾ പൂർണമായും 222 വീടുകൾ ഭാഗികമായും തകർന്നു. ഭാഗികമായി തകർന്ന വീടുകൾക്ക് 37,51,531 രൂപയും പൂർണമായും തകർന്ന വീടുകൾക്ക് 32,13,000 രൂപയുടെയും  നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 
കാലവർഷം രൂക്ഷമാണെങ്കിലും ജില്ലയിലിതുവരെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.  വെള്ളപ്പൊക്ക ബാധിത മേഖലയിൽനിന്ന്‌ 58 പേർ സുരക്ഷിത സ്ഥലങ്ങളിലേക്കും ബന്ധുക്കളുടെയും മറ്റും വീടുകളിലേക്കും  മാറി താമസിച്ചിട്ടുണ്ട്. മെയ് 29 മുതൽ ജൂലൈ 22 വരെ 1952.71 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്‌.   
 വെള്ളരിക്കൂണ്ട് താലൂക്കിലാണ് ഏറ്റവുമധികം വെള്ളപ്പൊക്ക ഭീഷണിയുണ്ടായത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി  ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരണപ്പെട്ടിരുന്നു. കള്ളാർ വില്ലേജിൽ ഐത്തക്കു നായ്‌ക് (85),  അശോകച്ചാലിൽ  പ്രഭാകരൻ നായർ (75) എന്നിവരാണ്‌ മരിച്ചത്‌. വെള്ളരിക്കുണ്ടിൽ അശോകച്ചാൽ, മഞ്ചുച്ചാൽ എന്നീ രണ്ട് തോടുകൾക്ക് പരിസരത്തുള്ളവർക്കാണ് പ്രധാനമായും വെള്ളപ്പൊക്ക ഭീഷണി.  ഇവിടെയുള്ള അഞ്ച് കുടുംബങ്ങളിലെ 28 പേർ സുരക്ഷിതമായ സ്ഥലത്തേക്ക്‌  താമസംമാറി.  താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ മരംവീണ് 40 വീടുകൾക്ക് കേടുപാടുണ്ടായി. ഇതിൽ ഒരു വീട് പൂർണമായും 39 വീടുകൾ ഭാഗികമായും തകർന്നു. 
ഹൊസ്ദുർഗ് താലൂക്കിൽ രണ്ടു മാസത്തിനിടെ കാലവർഷക്കെടുതിയൽ അഞ്ചുപേർ മരിച്ചു.  പുല്ലൂർ വില്ലേജിൽ വെള്ളച്ചി (63),  ഇടയിെലക്കാട് വലിയപറമ്പിൽ സുമേഷ് (34)െ  ചെറുവത്തൂരിൽ ബാബുവിന്റെ മകൻ ധ്യാൻബാബു (4),  ഉദിന്നൂരിൽ അഷ്റഫ് (14),  അജാനൂർ വില്ലേജിൽ വേണു (50) എന്നിവരാണ്‌ മരിച്ചത്‌.  ഉദുമയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണ ഭീഷണിയുണ്ടായി. 
കാസർകോട് താലൂക്കിൽ വലിയനാശനഷ്ടമുണ്ടായില്ലെങ്കിലും കസബ തീരപ്രദേശത്ത് കടലാക്രമണ ഭീഷണിയുണ്ടായി്‌  അഞ്ചോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. താലൂക്കിലെ മൂന്നാട്, ബന്തടുക്ക, കുളത്തൂർ, അടൂർ എന്നീ പ്രദേശങ്ങളിലാണ് ചെറിയ തോതിൽ കാലവർഷക്കെടുതിയുണ്ടായത്. 
പ്രധാന വാർത്തകൾ
Top