16 November Friday

രാത്രി ദുരന്തം ബാക്കിവച്ചത്‌

സ്വന്തം ലേഖകൻUpdated: Tuesday Jul 24, 2018

കാസർകോട്‌

മഴ പെയ്‌തുകൊണ്ടിരുന്ന ഒരു രാത്രിയിലെ ദുരന്തത്തിന്റെ ബാക്കിപത്രമുണ്ട്‌ അടുക്കത്ത്‌ബയലിൽ. റോഡിനുതാഴെയുള്ള തോട്ടിൽ അപകടത്തിൽപെട്ട ആരുടെയോ ചെരുപ്പ്‌, റോഡരികിൽ കുട്ടികളുപയോഗിക്കുന്ന ഡയപ്പർ, കട്ടപിടിച്ച രക്തം, തകർന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾ.... എല്ലാത്തിനും കാവൽനിൽക്കുന്ന പൊലീസുകാർ.
അടുക്കത്ത്‌ബയലിലെ കാഴ്‌ചയ്‌ക്കിപ്പോഴും ദുരന്തത്തിന്റെ മണമാണ്‌. പതുക്കെയെത്തുന്ന വാഹനത്തിന്റേത്്‌ ഒഴികെ നിശ്ശബ്ദമാണെങ്ങും.  റോഡിലെ വലിയ കുഴികളിൽ വീഴാതിരിക്കാൻ പാടുപെടുന്ന വാഹനങ്ങൾ അവിടെയെത്തുമ്പോൾ, നിർത്തും. പതുക്കെ കുഴിയിലിറക്കി പോകുന്നതിനാൽ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര. 
ഞായറാഴ്‌ച രാത്രി അഞ്ച്‌ വാഹനങ്ങൾ അപകടത്തിൽപെട്ടത്‌  ഇവിടെയാണ്‌. ഒരു ബസ്സും രണ്ടു കാറും രണ്ടു ബൈക്കും. രാത്രി ഒമ്പതുകഴിഞ്ഞായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബസ്‌ കാറിലും ബൈക്കുകളിലും തട്ടിയായിരുന്നു അപകടം. ബൈക്കിൽ ഉപ്പയ്‌ക്കും ഉമ്മയ്‌ക്കും ഒപ്പം സഞ്ചരിച്ച രണ്ടു കുരുന്നുകളാണ്‌ അപകടത്തിൽ മരിച്ചത്‌. ചൗക്കി അജ്ജാറിലെ റജീഷിന്റെയും മഹ്‌ഷൂമയുടെയും മക്കളായ മിൽഹാജ്‌ (അഞ്ച്‌), ഇബ്രാഹിം ഷാസിൽ (ഏഴ്‌) എന്നിവരാണ്‌ മരിച്ചത്‌. അപകടമുണ്ടായ സ്ഥലത്തുനിന്ന്‌ ഏതാനും കിലോമീറ്റർ മാത്രമേയുള്ളു ഇവരുടെ വീട്ടിലേക്ക്‌. 
അടുക്കത്ത്‌ബയലിൽ ദേശീയപാതയ്‌ക്ക്‌ വീതി ഏറെ കുറവാണ്‌. കണ്ണൊന്നു തെറ്റിയാൽ തോട്ടിലേക്കാകും വീഴുക. ഇതിനുപുറമെയാണ്‌ ഇവിടെ  വലിയ കുഴികൾ രൂപപ്പെട്ടതും. ഈ കുഴികളിൽ ഇറങ്ങാതെ ഒരു വാഹനത്തിനും കടന്നുപോകാനാവില്ല. രാവിലെയും വൈകിട്ടും തൊട്ടടുത്ത്‌ ദേശീയപാതയോടു ചേർന്നുള്ള ജിയുപി സ്‌കൂളിലെ കുട്ടികൾ ഇതിലൂടെ പോകുന്നതും ഭയപ്പാടോടെയാണ്‌. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ കുഴികളുടെ തൊട്ടടുത്തെത്തുമ്പോഴാണ്‌ പെട്ടെന്ന്‌ നിർത്തേണ്ടിവരുന്നത്‌. 
പ്രധാന വാർത്തകൾ
Top