13 November Tuesday

കാസർകോട്ട്‌ കൂട്ടവാഹനാപകടം; കുട്ടി മരിച്ചു

സ്വന്തം ലേഖകൻUpdated: Monday Jul 23, 2018

അടുക്കത്ത്‌ബയലിലുണ്ടായ അപകടം

കാസര്‍കോട്
കാസര്‍കോട്‌ ‐ മംഗളൂരു ദേശീയപാതയിൽ അടുക്കത്ത്‌ബയലിൽ കൂട്ട വാഹനാപകടം. ടൂറിസ്റ്റ് ബസും കാറുകളും ബൈക്കും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്‌ച രാത്രി ഒന്പതിനുശേഷമുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. ഇവരെ കാസർകോട്‌ കിംസ്‌ ആശുപത്രിയിലും മംഗളൂരുവിലെ ആശുപത്രികളിലേക്കും  മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്‌.
ബുള്ളറ്റിലുണ്ടായിരുന്നചൗക്കി അൾജാർ റോഡിലെ മില്‍ഹാജ് (അഞ്ച്) ആണ് കിംസ്‌ ആശുപത്രിയിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മില്‍ഹാജിന്റെ സഹോദരന്‍ ഇബ്രാഹിം ഷാസിൽ, പിതാവ് റജീഷ്, ഉമ്മ മെഹ്‌മൂമ എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ്മാനിന്റെ മകന്‍ റിസ്‌വാൻ  (24), ബന്ധു പെർവാട്ടെ  ഇസ്മായിലിന്റെ മകന്‍ റഫീഖ് (38), റിസ്‌വാന്റെ  സഹോദരി റുക്‌സാന (28), റുക്‌സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവര്‍ക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹമ്മദിനും പരിക്കുണ്ട്. റിസ്‌വാൻ  ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.
അടുക്കത്ത്‌ബയൽ ജിയുപി സ്‌കൂളിന്‌ സമീപമായിരുന്നു  അപകടം.  മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും രണ്ട്‌ ബൈക്കും  എതിരെ വന്ന ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. ശബ്ദംകേട്ട്‌ ഓടിയെത്തിയ  നാട്ടുകാരാണ്‌ ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്‌. വളരെ പെട്ടെന്നുതന്നെ  പൊലീസും ഫയർഫോഴ്‌സും കുതിച്ചെത്തി. 
ബസിന്റെ അടിയിലാണ്‌ രണ്ടു ബൈക്കും ഉണ്ടായിരുന്നത്‌. റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റു വാഹനങ്ങളും അപകടത്തില്‍ പെട്ടു. ബസുമായി കൂട്ടിയിടിച്ച കാര്‍ ഭാഗികമായി തകര്‍ന്നു.  കോരിച്ചൊരിയുന്ന മഴയത്ത്‌ റോഡ്‌ വ്യക്തമാകാതിരുന്നതും അപകടത്തിന്‌ കാരണമായതായി  സംശയിക്കുന്നു.  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. 
പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്‌. 
 
പ്രധാന വാർത്തകൾ
Top