14 November Wednesday

കാരുണ്യ പ്രളയം

സ്വന്തം ലേഖകൻUpdated: Wednesday Aug 22, 2018

കാസർകോട് ഗവ. കോളേജിൽ വാസ്ത്രങ്ങൾ തരം തിരിച്ച് പെട്ടിയിലാക്കുന്ന സന്നദ്ധ സേവകരും ജീവനക്കാരും

കാസർകോട്
ഇതര ജില്ലകളെ പ്രളയ ജലം മുക്കിയപ്പോൾ കാസർകോട് ജില്ലയിൽ കാരുണ്യ പ്രളയം. കാലവർഷവും പ്രളയവും ബാധിക്കാത്ത  ജില്ലയിൽ നിന്ന് നിന്ന് കോടി കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇതര  ജില്ലകളിലേക്ക് പോകുന്നത്. ജില്ലാ അധികൃതർക്കു  പുറമെ  സംഘടനകളും സാധനങ്ങളും സാധനങ്ങളും സാമഗ്രികളും എത്തിച്ചു.  കാസർകോട് ഗവ. കോളേജ്,  പടന്നക്കാട് കാർഷിക കോളേജ്, തൃക്കരിപ്പൂർ  പോളിടെക്നിക്ക് എന്നിവിടങ്ങളിൽ ആരംഭിച്ച സംഭരണ കേന്ദ്രങ്ങളിലേക്ക് ജില്ലയിൽ നിന്നും കർണാടകയിൽ നിന്നും ഉൽപ്പന്നങ്ങൾ എത്തുന്നുണ്ട്.  ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ഭക്ഷണ സാധനങ്ങൾ പ്രവഹിക്കുകയാണ്. വസ്ത്രം, മരുന്ന്, ശുചീകരണ സാമഗ്രികൾ തുടങ്ങിയവയും എത്തുന്നു.  സ്കൂളുകൾ, കോളേജുകൾ, സർകാർ, സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ തുടങ്ങിവയുടെ സഹായങ്ങൾ പ്രവഹിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളും സ്ഥാപനങ്ങളും സഹായവുമായി എത്തുന്നുണ്ട്. 
സംഭരണ കേന്ദ്രങ്ങളിൽ എത്തുന്ന സാധന സാമഗ്രികളും വസ്ത്രങ്ങളും മരുന്നും റവന്യൂ ഉദ്യോഗസ്ഥരും വളണ്ടിയർമാരും തരംതിരിച്ച് പ്രത്യേകം പെട്ടികളിലാക്കുന്നു. കാസർകോട് ചുമട്ട് തൊഴിലാളികൾ സൗജന്യമായാണ് ലോറികളിൽ കയറ്റുന്നത്.  ഇവ അതത് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിൽ കലക്ടർമാർക്ക് കൈമാറും. ചൊവ്വാഴ്ച കാസർകോട് ഗവ. കോളേജിൽ നിന്ന് രണ്ട് ലോറികൾ സാധന സാമഗ്രികളുമായി പത്തനംതിട്ടയിലേക്ക്  പോയി. പടന്നക്കാട് കാർഷിക കോളേജിൽ നിന്ന് രണ്ട്  ലോറികൾ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. അരി, വെള്ളം, ബ്ലീച്ചിങ് പൗഡർ, ഉള്ളി, ഉരുളക്കിഴങ്ങ്, പയറു വർഗങ്ങൾ, പല വ്യഞ്ജനങ്ങൾ, ആട്ട, മൈദ, ബക്കറ്റ്, പഴകിയ തുണി (ശുചീകരണത്തിന്), സോപ്പ്, ക്ലീനിങ് മോപ്പ്, ടൂത്ത് പേസ്റ്റ്, പായ, കിടക്ക, ടൂത്ത് പേസ്റ്റ്, എണ്ണ, പാൽപ്പൊടി, ടോർച്ച്, കുട, മെഴുകുതിരി, കൊതുകുതിരി, ബ്രഷ്, ഡെറ്റോൾ, ഗ്ലൂക്കോസ്, ഫിനോയിൽ, അച്ചാർ, അവൽ, ശർക്കര, തേങ്ങ, ചൂൽ, മഗ്ഗ്, ടോയിലറ്റ് ക്ലീനർ എന്നിങ്ങനെ 30 ഇനങ്ങളാണ് കയറ്റി അയച്ചത്.
 കാസർകോട് ഗവ. കോളേജിൽ വസ്ത്രങ്ങൾ, പാക്കറ്റ് ഭക്ഷണം, ഭക്ഷണ ധാന്യങ്ങൾ, മരുന്ന്, പാത്രങ്ങൾ, കുപ്പി വെള്ളം, ശുചീകരണ സാധനങ്ങൾ, പച്ചക്കറി, തേങ്ങ തുടങ്ങിയവയ്ക്കായി പ്രത്യേകം മുറികളുണ്ട്‌. വസ്ത്രങ്ങൾ  സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവർക്കായി  തരം തിരിച്ച് പെട്ടികളിലാക്കുന്നു.  ബിസ്ക്കറ്റുകൾ, റസ്ക്ക്, കുട്ടികൾക്കുള്ള ഭക്ഷണം തുടങ്ങിയവയുണ്ട്. ഭക്ഷണ ധാന്യങ്ങളിൽ  അരിയാണ് ഏറെയും. 
 വിവിധ തരം പയറ് വർഗങ്ങളും മറ്റ് ധാന്യങ്ങളുമുണ്ട്. പ്രളയത്തിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് മരുന്നുകൾ പ്രവഹിക്കുന്നു. ഡെറ്റോൾ, നാപ്കിൻ, ഡയപ്റോ, ഫിനോയിൽ, ചൂൽ, പായ തുടങ്ങിയവയും എത്തുന്നുണ്ട്.     കലക്ടർ ഡോ. സജിത്ത് ബാബു, എഡിഎം എൻ ദേവിദാസ്, ആർഡിഒ അബ്ദുൾ സമദ്, കലക്ടറുടെ ജെഎസ് അരുൺ ബാബു, കാസർകോട് താലൂക്ക് തഹസിൽദാർ കെ നാരായണൻ, ലാൻഡ് റെക്കോട് തഹസിൽദാർ പി പി ചാക്കോ,  ഡെപ്യൂട്ടി തഹസിൽദാർ ജി സുരേഷ് ബാബു, സ്പെഷ്യൽ തഹസിൽദാർ വി ശ്രീകുമാർ തുടങ്ങയവരുടെ നേതൃത്വത്തിലാണ് കാസർകോസ് സംഭരണ കേന്ദ്രത്തിലെ പ്രവർത്തനം. 
ഡെപ്യൂട്ടി തഹസിൽദാർ എം പവിത്രന്റെ നേതൃത്വത്തിൽ പടന്നക്കാടും ഇ വി വിനോദിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഗവ. പോളി ടെക്നിക്കിലും  സംഭരണ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 
 ചൊവ്വാഴ്ച കലക്ടറേറ്റിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിനുശേഷം കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നു വിഭവകേന്ദ്രങ്ങളിൽ സന്ദർശിച്ചു. പി കരുണാകരൻ എംപി, നീലേശ്വരം നഗരസഭ‘ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ എന്നിവരും  ജനപ്രതിനിധികളും  സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top