19 November Monday

നഗരമധ്യമെങ്കിലും ഇവിടം കാടാണ്‌

സ്വന്തം ലേഖികUpdated: Wednesday Aug 22, 2018

ഹാവൂ രക്ഷപ്പെട്ടു കാടുപിടിച്ചു കിടക്കുന്ന കാസർകോട്‌ താലൂക്ക്‌ ഓഫീസ്‌ േകാംപൗണ്ടിലെ സർവേ ഓഫീസിലേക്ക്‌ കടന്നുപോകുന്നയാൾ

കാസർകോട് 
കാസർകോട്‌  താലൂക്ക് ഓഫീസ് വളപ്പിലെ സർവേ സെക്‌ഷൻ ഓഫീസിലേക്ക്‌ എത്തിപ്പെടണമെങ്കിൽ കുറച്ചൊന്നുമല്ല കഷ്ടപ്പാട്‌. മുട്ടിനൊപ്പം വളർന്നുനിൽക്കുന്ന കാടുകൾക്കിടയിലൂടെ വഴി കണ്ടെത്തിവേണം നടക്കാൻ. ഏതോ വിജനമായ സ്ഥലമൊന്നുമല്ല ഇത്‌. ദിവസവും ആയിരങ്ങളെത്തുന്ന നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്‌ ഇവിടെ. നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച ഭാഗങ്ങളിലൊന്നുകൂടിയാണിത്‌.  വീതികുറഞ്ഞ റോഡാണെങ്കിലും ഇതുവഴിയാണ്‌ റെയിൽവേ സ്‌റ്റേഷനിലേക്കും കെഎസ്‌ആർടിസി സ്‌റ്റാൻഡിലേക്കുമെല്ലാം പോകേണ്ടത്‌. 
ഒരു സർവേ ഓഫീസിന്റെ മാത്രം ചിത്രമല്ല ഇത്‌. താലൂക്ക്‌ ഓഫീസ്‌, വില്ലേജ്‌ ഓഫീസ്‌, സബ്‌ രജിസ്‌ട്രാർ, പൊലീസിന്റെ ഫിംഗർ പ്രിന്റ്‌ ബ്യൂറോ, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്‌, സിവിൽ സപ്ലൈസ്‌ ഓഫീസ്‌ തുടങ്ങിയ ഓഫീസുകൾ ഏറെ. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നിർമിച്ച പൗരാണികതയുടെ സ്‌മരണകൾ നിലനിൽക്കുന്ന മനോഹരമായ കെട്ടിടങ്ങളാണ്‌ ഈ കോംപൗണ്ടിലെ പ്രധാന ആകർഷണം. കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതിനാലും കാടുമൂടിയതിനാലും ഈ പഴയ കെട്ടിടങ്ങൾ നാശോന്മുഖമാണ്‌. ഇവ സംരക്ഷിക്കണമെന്ന ആവശ്യം ജീവനക്കാർക്കുതന്നെയുണ്ട്‌. 
താലൂക്ക് ഓഫീസിന് മുൻവശം  ഇന്റർലോക്ക് പാകി മുഖം മിനുക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള  സർവേ സെക്‌ഷനിലേക്കും സമീപത്തായി പ്രവർത്തിക്കുന്ന വില്ലേജ്  ഓഫീസിലേക്കും താലൂക്ക്  ഓഫീസ് വഴിയിലൂടെയാണ്‌  കടന്നുപോകുന്നതെങ്കിൽ  കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. താലൂക്ക് കാര്യാലയത്തിൽ  അേന്വഷണ വിഭാഗം മുതൽ സർവേ സെക്‌ഷൻ വരെ എസ്റ്റാബ്ലിഷ്‌മെന്റ്, ബിൽഡിങ്‌  ടാക്സ്, പി ഡബ്ല്യുഡി ഉൾപ്പെടെ  ഒമ്പത്‌  സെക്‌ഷനുകളാണ് പ്രവർത്തിക്കുന്നത്.  ഒന്നാം കവാടത്തിലൂടെ താലൂക്ക് ഓഫീസ് കാര്യാലയത്തിലേക്കും രണ്ടാം കവാടത്തിലൂടെ വില്ലേജ്‌ ഓഫീസ്‌, സബ്‌ രജിസ്‌്ട്രാർ ഓഫീസ്‌ തുടങ്ങിയവയിലേക്കും പോകാം. പുറകുവശത്താണ്‌ എഇഒ ഒാഫീസ്‌ ഉൾപ്പെടെയുള്ളവ. എന്നാൽ കോംപൗണ്ടിൽ കടന്ന്‌ ഒരു ഓഫീസിൽനിന്ന്‌ മറ്റൊരു ഓഫീസിലേക്ക്‌ പോകണമെങ്കിൽ കാട്‌ വകഞ്ഞുമാറ്റാതെ രക്ഷയില്ല.  തെരുവുനായ്‌ക്കളുടെ ശല്യമുണ്ടെന്ന്‌ ജീവനക്കാർ പറയുന്നു. കീരികൾ സുലഭം. കെട്ടിടങ്ങളുടെ ഓടിനുമുകളിൽ പുല്ലുകൾ പടർന്നുകിടക്കുന്നു. കാടുകൾ ചില ഓഫീസുകളുടെ ജനലുകൾക്കടുത്തുവരെയെത്തി. മഴക്കാലപൂർവ ശുചീകരണ സമയത്തുപോലും ഇവിടം ശുചീകരിച്ചതിന്റെ ലക്ഷണങ്ങൾ എവിടെയുമില്ല. 
ദിവസവും ആയിരക്കണക്കിനാളുകൾ വിവിധ ആവശ്യത്തിനും നൂറുകണക്കിന്‌ ജീവനക്കാർ ജോലിചെയ്യാനുമെത്തുന്ന താലൂക്ക്‌ ആസ്ഥാനം  ശുചീകരിക്കുകയും കെട്ടിടങ്ങൾ സംരക്ഷിക്കുകയും വേണമെന്നാണ്‌ പൊതു ആവശ്യം.

 

പ്രധാന വാർത്തകൾ
Top