22 September Saturday

ഈ ചിത്രങ്ങൾ പറയും വേദനയുടെ ഒരായിരം കഥകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

നാലാം ഒപ്പുമര സമരത്തിന്റെ ഭാഗമായി കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിനു മുന്നിലെ സമരപ്പന്തലിൽ ചിത്രം വരയ്‌ക്കുന്നു

 

സ്വന്തം ലേഖിക
കാസർകോട്‌
ക്യാൻവാസ്‌ കൈയിൽ പിടിച്ച്‌ അവർ വരഞ്ഞു. കുഞ്ഞുകുഞ്ഞുവരകളാൽ കശുമാങ്ങയും ഇലകളും അവയ്‌ക്കിടയിൽ ദുഃഖം നിഴലിട്ട കണ്ണുകളുള്ള ഒരു കുട്ടിയും പിറന്നത്‌ വളരെ പെട്ടെന്നായിരുന്നു. പിന്നെ അവയ്‌ക്ക്‌ ചായം നൽകി. കാസർകോടൻ ഗ്രാമങ്ങളിലെ ദുഃഖം പെയ്‌തിറങ്ങിയ നൊമ്പരത്തിന്റെ നേർചിത്രം. എൻഡോസൾഫാൻ വിക്‌ടിംസ്‌ സപ്പോർട്ട്‌  എയ്‌ഡ്‌ ഗ്രൂപ്പ്‌് (എൻവിസാജ്‌) സംഘടിപ്പിച്ച നാലാം ഒപ്പുമര സമരവേദിയിലാണ്‌ കാസർകോടിന്റെ ദുരിതത്തിന്റെ ചിത്രങ്ങൾ രൂപംകൊണ്ടത്‌. 
കറുത്തിരുണ്ട ആകാശത്തിനു കീഴെ  കാലും കൈയും ശരീരഭാഗങ്ങളും വേർതിരിച്ചറിയാനാകാതെ അതിജീവനത്തിന്റെ പ്രതീകമായി വേദനയുടെ ശരശയ്യയിൽ മയങ്ങുന്ന എൻഡോസൾഫാൻ ഇര.  എൻഡോസൾഫാൻ കീടനാശിനിയും വിളഞ്ഞു പാകമായ കശുമാങ്ങയും അവ ഭക്ഷിക്കുന്ന മനുഷ്യനും വിഷം ചീറ്റുന്ന ഹെലികോപ്‌റ്ററുകളും കൗതുകത്തോടെ കാണുന്ന പെൺകുട്ടികൾ. സപ്‌തഭാഷാ സംഗമഭൂമിയിലെ പൊള്ളുന്ന ജീവതത്തിന്റെ നൊന്പരകഥ പറയുകയാണ്‌ ഒപ്പുമരച്ചോട്ടിലെ ചിത്രങ്ങൾ.  സഹനത്തിന്റെയും കഷ്‌ടപ്പാടിെന്റയും വേദനാജനകമായ മുഖങ്ങൾ  പകർത്തുന്നുണ്ട്‌ അവയെല്ലാം. 
എൻഡോസൾഫാൻ ഇരകളെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയാണ്‌ എൻവിസാജ്‌ നാലാം ഒപ്പുമര സമരം തുടങ്ങിയത്‌.  സാഹിറ റഹ്‌മാൻ, രാജേന്ദ്രൻ പുല്ലൂർ, വിനോദ്‌ അന്പലത്തറ, ജ്യോതിചന്ദ്രൻ, ശശീന്ദ്രൻ  കാറഡുക്ക, കെ എസ്‌ മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ്‌  അക്കർലിക്‌ ക്യാൻവാസ്‌  ഉപയോഗിച്ച്‌  ചിത്രങ്ങൾ വരച്ചത്‌. 
നാലാം ഒപ്പുമര സമരം ഞായറാഴ്‌ച സമാപിക്കും. സുപ്രീംകോടതി വിധിപ്രകാരം എൻഡോസൾഫാൻ കമ്പനി കേരളത്തിന് നൽകാനുള്ള 200 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കാനുള്ള പ്രഖ്യാപനം ഞായറാഴ്‌ച സമാപന സമ്മേളനത്തിൽ ആനിരാജ നിർവഹിക്കും. എൻഡോസൾഫാൻ നഷ്ടപരിഹാര ട്രിബ്യൂണൽ വേണമെന്നും  ദേശീയ മനുഷ്യാവകാശ കമീഷൻ 2010ൽ നിർദേശിച്ച സമഗ്ര പുനരധിവാസ പാലിയേറ്റീവ് കെയർ ആശുപത്രി അനുവദിക്കണമെന്നുമുള്ള നിർദേശവും കേന്ദ്രം അംഗീകരിച്ചില്ല. ബഹുജനങ്ങളിൽനിന്ന്‌ സമാഹരിച്ച ഒപ്പുകൾ കേന്ദ്രസർക്കാരിന്‌ സമർപ്പിക്കും.

 

പ്രധാന വാർത്തകൾ
Top