10 December Monday

ഓണറേറിയം വാഗ്‌ദാനം പ്രധാനമന്ത്രിയുടെ വാഗ്ദാനം പൊള്ളത്തരമെന്ന്‌ ‌ആശാ വർക്കർമാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018
കാഞ്ഞങ്ങാട്
ആശാ വർക്കർമാരുടെഓണറേറിയത്തിൽ  പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയണമെന്ന്‌  ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി  അഭ്യർഥിച്ചു.  സെപ്തംബർ  11ന് പ്രധാമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ആശമാരുടെ വേതനം ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. 2007‐ൽ  ദേശീയ ഗ്രാമീണ  ദൗത്യം  ആരംഭിച്ചതിന്‌  ശേഷം  നാളിതുവരെ  ആശമാർക്ക് കേന്ദ്രസർക്കാർ ഒരു രൂപ  വേതനമായോ ഓണറേറിയമായോ നൽകിയിട്ടില്ല. അഞ്ചുകുട്ടികളെ  കുത്തിവയ്‌പിന്് കൊണ്ടുപോയാൽ   100 രൂപ ലഭിക്കും.  
ഗർഭിണികളെ കണ്ടെത്തി പ്രതിരോധകുത്തിവയ്‌പ്‌  നൽകി  ആശുപത്രിയിൽ പ്രസവം നടന്ന്  നവജാതശിശുവിന്റെ പ്രതിരോധ കുത്തിവയ്‌പും നടന്നാൽ ജനനി സുരക്ഷായോജനാ  പ്രകാരം  300 രൂപ ലഭിക്കും.  അങ്കണവാടികൾ  നടത്തുന്ന പോഷകാഹാര ക്ലാസുകൾക്ക്  100 രൂപ ലഭിക്കും.   ഇവയാണ്‌  ആശാവർക്കർമാർക്ക് ലഭിക്കുന്ന പ്രധാന ഇൻസെന്റിവുകൾ. കേരളത്തിലെ ആശമാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 4000 രൂപയുടെ ഓണറേറിയം സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് നൽകുന്നത്‌.  അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌  നടക്കുന്ന സാഹചര്യത്തിൽ വേതനം ഇതുവരെ നൽകാത്ത കേന്ദ്രസർക്കാർ ഇരട്ടിയാക്കുമെന്ന് പറയുന്നത്  പൊള്ളത്തരമാണ്‌.  
ദേശവ്യാപകമായി ആശമാർ നടത്തിവരുന്ന  സമരത്തിനാധാരമായ  വിഷയങ്ങൾ അംഗീകരിച്ച് മിനിമം കൂലിയും മറ്റ് സാമൂഹ്യ ആനുകൂല്യങ്ങളും   ലഭ്യമാക്കാന്നുള്ള  പ്രക്ഷോഭം വിജയിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എം ഗൗരി അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി വി വി പ്രസന്നകുമാരി പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം സൈനബ, ഇ രമണി, കെ നിർമല, എം ദീപ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top