22 September Saturday

കുവൈറ്റ്‌ ഫെസ്‌റ്റ്‌ 23ന്‌ കാഞ്ഞങ്ങാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018
കാഞ്ഞങ്ങാട്
കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുവൈറ്റ് ഫെസ്റ്റ്  23 നു കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. കുവൈറ്റിലുള്ള കാസര്‍കോട് ജില്ലക്കാരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്‌ രൂപീകരിച്ച സംഘടന  ഒരു കൂട്ടായ്മയുണ്ടാക്കി പ്രവര്‍ത്തനം നാട്ടിലേക്കും വ്യാപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ നാട്ടില്‍ ഒരുമിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
സംഘടനയുടെ പതിമൂന്നാം വാര്‍ഷികത്തിന്റെ ‘ഭാഗമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മൊബൈല്‍ ഫ്രീസറുകള്‍,വ്യവസായ പ്രമുഖന്‍ ലത്തീഫ് ഉപ്പള ഗേറ്റ് കുവൈറ്റ് ഫെസ്റ്റില്‍  മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറും. രണ്ടു ബഡ്‌സ്‌ സ്കൂളുകള്‍ക്ക് നല്‍കുന്ന രണ്ടു ലക്ഷം രൂപയുടെ  സഹായം  പി കരുണാകരന്‍ എം പി വിതരണം ചെയ്യും. 
അംഗങ്ങളുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുള്ള  വിദ്യാഭ്യാസ അവാര്‍ഡ് വിതരണം  കെ ഇ എ അടുക്കളത്തോട്ടം പദ്ധതിക്കാവശ്യമായ വിത്തുല്‍പന്നങ്ങളുടെ വിതരണം തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 23ന് രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന പരിപാടിയില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ചിത്ര രചന മത്സരം, എ പി ജെ അബ്ദുല്‍ കലാം സ്മാരക ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ക്വിസ് മത്സരം, മെമ്പര്‍മാരുടെ മക്കളുടെ കലാപരിപാടികള്‍, സാംസ്കാരിക സമ്മേളനം, പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും. 23ന് പകൽ രണ്ടിന്‌  മന്ത്രി ഇ ചന്ദ്രശേഖരന്‍  ഉദ്ഘാടനം ചെയ്യും. 
വാര്‍ത്താ സമ്മേളനത്തില്‍ മഹമ്മൂദ് അപ്സര, പ്രസിഡന്റ്‌  സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, സി എച്ച് മുഹമ്മദ്കുഞ്ഞി, ഹമീദ് മധൂര്‍, അഷറഫ് തൃക്കരിപ്പൂർ എന്നിവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
Top