23 September Sunday

മലയോര മേഖലയിൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018
കുണ്ടംകുഴി
മലയോര മേഖലയില്‍  ആര്‍ട്സ് ആൻഡ്‌ സയന്‍സ് കോളേജ് തുടങ്ങുന്നതുമായി  ബന്ധപ്പെട്ട്‌ പാർടിയിൽ  തര്‍ക്കമുണ്ടെന്നത്‌ മാധ്യമ സൃഷ്‌ടിയാണെന്ന്‌ സിപിഐ എം ബേഡകം ഏരിയാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ചില മാധ്യമങ്ങൾ പാർടി  പ്രവര്‍ത്തകരിലും  അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കാനായി തെറ്റായ വാർത്ത  പ്രചരിപ്പിക്കുകയാണ്‌. 
ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ഉൾക്കാള്ളുന്ന മലയോര മേഖലയില്‍ കോളേജ് തുടങ്ങാൻ  സർക്കാർ തീരുമാനിച്ചിട്ടില്ല.   സിപിഐ  എം ബേഡകം ഏരിയ സമ്മേളനമാണ്‌ ഈ മേഖലയില്‍ സര്‍ക്കാര്‍  കോളേജ് അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.  ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.  ഇതിനെ തുടർന്ന്‌ കോളേജ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടറും ഉദ്യോഗസ്ഥരും സ്ഥലപരിശോധനയ്ക്കായി മെയ് പത്തിന്‌  മലയോരത്ത്‌ എത്തിയിരുന്നു. ആറ്‌ ഏക്കര്‍  ഭൂമിയെങ്കിലും ലഭ്യമാകുന്നിടത്തേ സന്ദര്‍ശിക്കേണ്ടതുള്ളൂവെന്ന്‌ ഡെപ്യൂട്ടി ഡയരക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ  അടിസ്ഥാനത്തില്‍ റവന്യൂ അധികൃതരുമായി സംസാരിച്ചു.  സര്‍ക്കാര്‍ ഭൂമി ലഭിക്കാന്‍ സാധ്യതയുള്ള ബേഡകം വില്ലേജിലെ വലിയപാറ, ചെറാപൈക്കം, കൊളത്തൂര്‍ വില്ലേജിലെ ആലുങ്കാല്‍ എന്നീ പ്രദേശങ്ങള്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളൊന്നും അധികാരികള്‍ സ്വീകരിച്ചിട്ടില്ല.
കോളേജ് എവിടെ തുടങ്ങണമെന്നത് സംബന്ധിച്ച് പാർടിയിൽ  അഭിപ്രായ വ്യത്യാസവുമില്ല. ബേഡകം, കുറ്റിക്കോൽ പഞ്ചയത്തുകളിലെ എവിടെ  കോളേജ് അനുവദിച്ചാലും പാർടിക്ക് സ്വീകാര്യമാണ്. ഇതിന്റെ പേരില്‍ പ്രാദേശിക സങ്കുചിതവാദം ഉയർത്തുന്നതിനോട്‌ സിപിഐ എമ്മിന് യോജിപ്പില്ല.നാടിന്റെ  പൊതുവായ വികസന കാര്യത്തില്‍ പ്രാദേശിക സങ്കുചിത വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.കുറ്റിക്കോലില്‍ ഒരു സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുമായി പാർടിക്ക് ബന്ധമില്ല. ചില പ്രാദേശിക പ്രവര്‍ത്തകര്‍ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതിനെ പാർടിയില്‍ രണ്ട് അഭിപ്രായം എന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടതില്ല.ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രവര്‍ത്തകരെ പാർടി  വിലക്കിയിട്ടില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ കുറ്റിക്കോലില്‍ പുതുതായി അനുവദിച്ച ഐടിഐ ആഗസ്‌തിൽ തുടങ്ങും.തെക്കില്‍ ആലട്ടി റോഡിന്റെ  സമഗ്ര വികസനം, മലയോര ഹൈവേ ഇവയെല്ലാം യാഥാര്‍ഥ്യമാകുന്നതിൽ മലയോര ജനതയാകെ ആഹ്ലാദത്തിലാണ്‌.  ഇത്തരം സന്ദര്‍ഭത്തില്‍ സര്‍ക്കാരിനെയും പാർടിയെയും കരിതേച്ചു കാണിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് പാർടി  പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top