22 May Tuesday

ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 68 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017

 ബന്തടുക്ക > ബന്തടുക്ക ടൌണില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 68.25 പവന്‍ ആഭരണവും 34,000 രൂപയും മോഷ്ടിച്ചു. 4.300 കിലോ വെള്ളി ആഭരണവും മോഷണം പോയി. കുറ്റിക്കോല്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. പിന്‍ഭാഗത്തെ ചുമരാണ് തുരന്നത്. ആഭരണം സൂക്ഷിച്ച ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചത്. മേശവലിപ്പില്‍ സൂക്ഷിച്ചതായിരുന്നു പണം. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി കുണ്ടംകുഴിയിലെ അശോകന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ളതാണ് സുമംഗലി ജ്വല്ലറി. അശോകന്റെ കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ ഏഴുമാസം മുമ്പും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ഈ കേസില്‍ ഉത്തരേന്ത്യന്‍ സംഘം പിടിയിലായിരുന്നു. ഇവരുമായി ബന്ധമുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇദ്ദേഹത്തിന് കുറ്റിക്കോലിലും ജ്വല്ലറിയുണ്ട്. മോഷണം നടന്ന ജ്വല്ലറിക്കകത്തുനിന്ന് ഒരു കൈയുറ കിട്ടിയിട്ടുണ്ട്. ഏതാനും വിരലടയാളവും ലഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍, ഡിവൈഎസ്പി എം വി സുകുമാരന്‍, ആദൂര്‍ സിഐ സിബി തോമസ്, ബേഡകം എസ്ഐമാരായ പി ദാമോദരന്‍, ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
നിരീക്ഷണ ക്യാമറയില്ലാത്തത് 
മോഷ്ടാക്കള്‍ക്ക് തുണയായി
 
ബന്തടുക്ക > ബന്തടുക്ക സുമംഗലി ജ്വല്ലറിയില്‍ സിസിടിവി ക്യാമറയില്ലാത്തത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി. ഇരുളിന്റെ മറവില്‍ ചുമര്‍ തുരക്കുന്നതും മറ്റും ആരുടെയും ശ്രദ്ധയില്‍പെടില്ലെന്ന ഉറപ്പ് മോഷ്ടാക്കള്‍ക്കുണ്ടായിരുന്നു.
നാട്ടുമ്പുറങ്ങളിലെ ഒറ്റപ്പെട്ട ജ്വല്ലറികള്‍ നോട്ടമിട്ട് മോഷണം നടത്തുന്ന ഉത്തരേന്ത്യന്‍ സംഘമാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നു. ജ്വല്ലറിയുടെ പുറകിലെ ഗ്രില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ പിന്നീട് ചുമര്‍ തുരന്നാണ് അകത്തുകടന്നത്. ഉറപ്പുള്ള ഏതെങ്കിലും ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കാം ലോക്കര്‍ പൊളിച്ചത്. ലോക്കറിനകത്തെ അറകളിലുള്ള സ്വര്‍ണവും വെള്ളിയും വച്ച ട്രേകള്‍ സ്വര്‍ണമെടുത്തശേഷം ജ്വല്ലറിക്കകത്ത് വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജ്വല്ലറിയില്‍നിന്ന് മണം പിടിച്ച പൊലീസ് നായ തൊട്ടടുത്തുള്ള ബസ്സ്റ്റാന്‍ഡ്വരെ പോയ ശേഷം തിരിച്ചുവന്നു.
സുമംഗലിയുടെ കുണ്ടംകുഴി ഷോപ്പിലും സമാനമായ മോഷണമാണ് മുമ്പുണ്ടായത്. 39 പവന്‍ ആഭരണവും നാലര കിലോ വെള്ളിയും പണവും മോഷ്ടിച്ച അന്നത്തെ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഉത്തര്‍പ്രദേശ് ധനുപുര സ്വദേശി നേതുറാം സിങ് (35), ബദിയടുക്ക നെല്ലിക്കട്ടയിലെ മൂക്കന്‍ ഷരീഫ് എന്ന ഷരീഫ് (38) എന്നിവരെയാണ് ആദൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായ നേതുറാമിന്റെ സഹോദരനാണ്. ഇയാളെയും മലയാളി സ്ത്രീയടക്കമുള്ള മറ്റു നാലു പ്രതികളെയും കണ്ടെത്താനുണ്ടായിരുന്നു.
 
പ്രധാന വാർത്തകൾ
Top