25 September Tuesday

വായനയ്‌ക്ക്‌ ഒരിടം കുണ്ടംകുഴി സ്‌കൂളിൽ വായന വീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018
കുണ്ടംകുഴി 
മെടഞ്ഞ ഓലകൊണ്ടു നിർമിച്ച വീട്, അതിനുള്ളിൽ വിവിധ വർണങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകൾ അലങ്കാരങ്ങളായി ഞാന്നു കിടന്നു. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ വീടൊരുക്കിയത്. 
തകഴി, ബഷീർ, കാരൂർ, കയ്യാർ കിഞ്ഞണ്ണറൈ, മഞ്ചേശ്വര ഗോവിന്ദ പൈ തുടങ്ങി പഴയ എഴുത്തുകാർ മുതൽ എം ടി, സി രാധാകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിൻ, അംബികാസുതൻ മാങ്ങാട്, ചെന്നവീര കണവി വരെയുള്ളവരുടെ കൃതികൾ വായിച്ച് അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽനിന്നുള്ള ആയിരത്തോളം കുറിപ്പുകളാണ്  ഒരുക്കിയത്. അതോടൊപ്പം രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനവും ആസ്വാദന ചർച്ചയും നടന്നു.  ക്വിസ് മത്സരം, രക്ഷിതാക്കൾക്കുള്ള വായനക്കുറിപ്പ് മത്സരം, അക്ഷരപ്പെട്ടി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും പക്ഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.  
ബേഡഡുക്ക ഫാർമേഴ്‌സ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌  എ ദാമോദരൻ വായന വാരാചരണം ഉദ്ഘാടനം ചെയ്തു. എം രഘുനാഥൻ അധ്യക്ഷനായി.  ടി വരദ്‌രാജ്, പ്രധാനാധ്യാപകൻ കെ അശോക,  പി ഹാഷിം,  കെ അശോകൻ, പി കെ ജയരാജൻ, സത്യനാരായണൻ, കെ ശാന്തകുമാരി, എസ് എൻ പ്രകാശ്, സി പ്രശാന്ത്, എം കെ പ്രദീപൻ, എ ഗോപാലകൃഷ്ണൻ നായർ, ശ്രീകുമാർ,  അനൂപ് പെരിയൽ,  കെ ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
Top