25 September Tuesday

കാക്കപ്പൂക്കൾ വിരിഞ്ഞു വീരമലക്കുന്ന്‌ വയലറ്റണിഞ്ഞു

പി വിജിൻദാസ്‌Updated: Sunday Aug 19, 2018

ചെറുവത്തൂര്‍ വീരമലക്കുന്നില്‍ വിരിഞ്ഞ കാക്കപ്പൂ

ചെറുവത്തൂര്‍
ഓണ വരവറിയിച്ച് നീലപ്പട്ടുടുത്ത് വീരമല. ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചെറുവത്തൂര്‍ വീരമലക്കുന്നിലാണ് കാക്കപ്പൂവുകള്‍ മനം മയക്കുന്ന കാഴ്ചയാവുന്നത്. ദേശീയ പാതയോരത്താണെങ്കിലും  കുന്നിന്‍ മുകളിലെ ഈ കാഴ്ച അധികമാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. വയലേലകളിലും നല്ല നനവുള്ള പ്രദേശങ്ങളിലും പാറപ്രദേശങ്ങളിലും ധാരാളം കണ്ടിരുന്ന സസ്യമാണ് കാക്കപ്പൂവ്. എന്നാല്‍ രാസവള പ്രയോഗവും മറ്റുമായപ്പോള്‍ വയലേലകളില്‍നിന്ന്‌ കാക്കപ്പൂവുകള്‍ അപ്രത്യക്ഷമായി തുടങ്ങി.  പാറപ്രദേശങ്ങളിലാണ് ഇപ്പോള്‍ കാക്കപ്പൂ വിരിയുന്നത്. കടുത്ത വയലറ്റും മഞ്ഞയും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം. 
ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു. നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക് വലുപ്പം കൂടുതലാണ്‌. നെൽവയലിൽ കാണപ്പെടുന്നതിനാല്‍ നെല്ലിപ്പൂവ് എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളില്‍ കാണപ്പെടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു എന്നതും കൗതുകമാണ്. ഏക്കറുകളോളം വിസ്തൃതിയിലുള്ള വീരമലക്കുന്ന് ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെ സാധ്യതകളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. 
 
 
പ്രധാന വാർത്തകൾ
Top