17 November Saturday

മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എസ്‌എഫ്‌ഐയുടെ 24 മണിക്കൂർ ധർണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എന്ന മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള 24 മണിക്കൂർ ധർണ വിദ്യാനഗർ ബി സി റോഡിൽ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടി എം വിജിൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എന്ന മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള  24 മണിക്കൂർ ധർണ സമരം തുടങ്ങി. 
എസ്‌ഡിപിഐ, ക്യാമ്പസ്‌ ഫ്രണ്ട്‌ കൊലയാളികൾ കുത്തിക്കൊന്ന അഭിമന്യുവിന്റെ ധീരസ്‌മരണകളുമായി നൂറുകണക്കിന്‌ വിദ്യാർഥികൾ വിദ്യാനഗർ ബി സി റോഡിൽ ആരംഭിച്ച  ധർണയിൽ പങ്കെടുത്തു.കോരിച്ചൊരിയുന്ന  മഴയെ കൂസാതെ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽനിന്നായി വിദ്യാർഥികളെത്തി. 
വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം  ഉയർന്നപ്പോഴൊക്കെ ഏറ്റുവിളിക്കാൻ നൂറുകണക്കിന്‌ കണ്‌ഠങ്ങളും കൈകളും ഉയർന്നു. മാനവികതയുടെ പ്രതിരോധവുമായി കാസർകോട്ടെ ബഹുജനങ്ങളും വിദ്യാർഥികൾക്ക്‌  ഐക്യദാർഢ്യവുമായെത്തി. മുദ്രാവാക്യവും പാട്ടും കവിതയും ഗാനങ്ങളുമായി  ബഹുജനങ്ങളുടെ ഹൃദയം കവർന്ന രാപ്പകൽ സമരം അഭിമന്യുവിനുള്ള ഹൃദയാഞ്‌ജലിയായി.  
അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടി എം വിജിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ എം വി രതീഷ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു, മഹിളാഅസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം സുമതി, സിപിഐ എം കാസർകോട്‌ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, എസ്‌എഫ്‌െഎ  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി പി അമ്പിളി, ഡിവൈഎഫ്‌്‌െഎ ജില്ലാസെക്രട്ടറി സി ജെ സജിത്ത്‌,  കെഎസ്‌ടിഎ ജില്ലാസെക്രട്ടറി എ പവിത്രൻ, എൻജിഒ യൂണിയൻ ജില്ലാസെക്രട്ടറി കെ പി ഗംഗാധരൻ,  കെജിഒഎ സംസ്ഥാനകമ്മിറ്റി അംഗം കെ സതീശൻ, ബാലസംഘം ജില്ലാസെക്രട്ടറി വി സൂരജ്‌, എസ്‌ഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ. സിദ്ധാർഥ്‌ രവീന്ദ്രൻ, ഹബീബ്‌ റഹ്‌മാൻ, ആൽബിൻ മാത്യു, ജില്ലാപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ശ്യാമളാദേവി, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ശ്രീജിത്‌ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സുഭാഷ്‌ അറുകരയുടെ നാടൻ പാട്ടും അരങ്ങേറി. വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ സമരം അവസാനിക്കും. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top