Top
27
Saturday, May 2017
About UsE-Paper

മഴ വരട്ടെ... രവി എല്ലാം ശരിയാക്കും

Friday May 19, 2017
സ്വന്തം ലേഖകന്‍
ബേഡകം തോരോത്ത് ഗാന്ധി നഗറിലെ രവി തെരുവത്ത് പുതിയ കുളത്തിനരികില്‍.
ബേഡകം > തോരോത്ത് ഗാന്ധിനഗറിലെ തെരുവത്ത് രവി, പരിചയക്കാര്‍ക്കെല്ലാം ഒരു വ്യാപാരി മാത്രമാണ്. അംബികാ ഓയില്‍ മില്‍സ് എന്ന സ്ഥാപനം നടത്തുന്ന രവി, മണ്ണില്‍ പക്ഷെ തനിക്കര്‍ഷകനാണ്. ഗാന്ധിനഗറിലെ വെറും പാറപ്പുറത്ത്, ജലസംഭരണം, ജൈവകൃഷി എന്നിവയില്‍ വേറിട്ട അധ്യായം തീര്‍ത്ത് യുവാക്കള്‍ക്ക് പ്രചോദനമാകുകയാണ് അദ്ദേഹം.
മഴ വരാന്‍ ആഴ്ച മാത്രം ബാക്കി നില്‍ക്കെ, തുള്ളിവെള്ളം പാഴാകാതെ സംഭരിക്കാന്‍ വിപുലമായ തയ്യാറെടുപ്പാണ് അദ്ദേഹം നടത്തുന്നത്. രണ്ട് ലക്ഷത്തോളം രൂപ ചിലവിട്ട് വീട്ടുപറമ്പില്‍ കിടിലന്‍ കുളം നിര്‍മിച്ചു. വെള്ളം നിറഞ്ഞുകവിഞ്ഞാല്‍ കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാന്‍ കഴിയണം എന്ന നിര്‍ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഇതിനായി കല്‍പ്പടവുകള്‍ പണിത് മഴ കാത്തിരിക്കയാണ് അദ്ദേഹം. ജനുവരി വരെ ജലസമൃദ്ധമായിരുന്നു ഈ കുളം. വെള്ളം കുളത്തിലേക്ക് എത്തിക്കാന്‍ രണ്ടുതുരങ്കങ്ങളും കിണറിനകത്ത് നിര്‍മിച്ചു.
വില കൊടുത്തുവാങ്ങിയ മണ്ണിപ്പോള്‍ തികഞ്ഞ പൂങ്കാവനമാണ്. ഇത്തവണ വേനല്‍ അല്‍പം കടുത്തതിനാല്‍, പച്ചക്കറി കൃഷി ഉണങ്ങിത്തുടങ്ങി. മുളകാണ് പ്രധാന കൃഷി. ഒപ്പം പ്രധാന പച്ചക്കറിയിനങ്ങളുമുണ്ട്. ജൈവനെല്‍കൃഷിയാണ് മറ്റൊരു പ്രത്യേകത. വയലിനും വീടിനും അതിരിട്ട് നില്‍ക്കുന്ന മേട്ടുപ്പാളയം വാഴപ്പഴമാണ് മറ്റൊരു ആകര്‍ഷണം. ഇടതൂര്‍ന്ന് വളരുന്ന വാഴക്ക്, കാര്യമായി വെളമൊന്നും വേണ്ടെങ്കിലും മികച്ച ഫലം തരുന്നുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
കാഞ്ഞിരത്തിങ്കാലിലും കുണ്ടംകുഴിയിലുമുള്ള ഓയില്‍മില്ലിലും കച്ചവസ്ഥാപനത്തിലും നിറയെ തിരക്കുള്ളപ്പോഴാണ്, പറമ്പിലും ഇദ്ദേഹം സജീവമാകുന്നത്. മഴക്കാലത്തേക്ക് ഇപ്പോഴേ പറമ്പൊരുക്കി തുടങ്ങി. പച്ചിലച്ചെടികള്‍ അരിഞ്ഞ് മണ്ണില്‍ തരിച്ചിടും. അവിടത്തേക്ക് പിണ്ണാക്ക് വിതറി മഴക്കായി മണ്ണൊരുക്കി. രവിക്ക് സഹായത്തിന് പത്തോളം ജാര്‍ഘണ്ടുകാരായ തൊഴിലാളികളുമുണ്ട്. ഇവര്‍ക്ക് താമസിക്കാന്‍ നല്ലൊരു വീടും പണിതിട്ടുണ്ട്. എല്ലാ സൌകര്യങ്ങളുമുള്ള വീട്ടില്‍, തൊഴിലാളികള്‍ക്ക് താമസവും ഭഷണവും ഫ്രീ. അതുകൊണ്ടുതന്നെ ലോകത്തെവിടെയും പണിക്കാരെ കിട്ടിയിലെങ്കിലും രവിക്കൊപ്പം ജാര്‍ഘണ്ടുകാരുടെ സംഘം തന്നെ കാണും.
രവിയുടെ വീടിനടുത്തു തന്നെയാണ് സഹോദരങ്ങളായ വിജയനും ഉദയനും താമസിക്കുന്നത്. ഇവരും രവിയെപോലെതന്നെ ബിസിനസ്സിലും കൃഷിയിലും സജീവമാണ്.