15 October Monday

മൂലധനം അറിയാന്‍ ആവേശത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017
കാഞ്ഞങ്ങാട് > 150 വയസ് തികയുന്ന മൂലധനത്തിന്റെ വ്യത്യസ്ത വായനകള്‍ സാധ്യമാക്കാന്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച സെമിനാറില്‍ മാര്‍ക്സിസത്തെ അറിയാനും പഠിക്കാനുമായി വനിതകളും യുവാക്കളുമുള്‍പ്പെടെ വലിയ നിരയെത്തി. സാമ്പത്തിക രംഗത്തെ മാന്ദ്യവും അഭയാര്‍ഥി പ്രവാഹവും വര്‍ത്തമാന കാലത്ത് മൂലധനത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചതായി സെമിനാര്‍ അഭിപ്രായപ്പെട്ടു. മൂലധനത്തിന്റെ സാമ്പത്തിക ശാസ്ത്രപരവും വിമോചനപരവുമായ ഉള്ളടക്കത്തെ പരിചയപ്പെടുത്തി മാര്‍ക്സ് ജീവിച്ചിരിക്കുമ്പോള്‍ മൂലധനത്തിന്റെ ആദ്യ വാള്യമാണ് പ്രസിദ്ധീകരിച്ചത്. 1917ലെ സോഷ്യലിസ്റ്റ് വിപ്ളവത്തിലേക്ക് സോവിയറ്റ് യൂണിയനെ നയിക്കാന്‍ കഴിഞ്ഞത് ലെനിന്റെ വേറിട്ട വ്യാഖ്യാനത്തിലും നേതൃത്വത്തിലുമാണ്. കേരളത്തില്‍ ഇ എം എസും ഉണ്ണിരാജയും മൂലധനത്തിലെ സാമ്പത്തിക ശാസ്ത്രപരവും വിമോചനപരവുമായ ഉള്ളടക്കത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി. 
വ്യാപാരഭവനില്‍ നടന്ന സെമിനാര്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. ഐ വി ദാസ് സ്മാരക അവാര്‍ഡ് നേടിയ പി വി കെ പനയാലിന് ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍ സ്വാഗതവും  പി വി കെ പനയാല്‍ നന്ദിയും പറഞ്ഞു. ഡോ. സി ബാലന്‍ മോഡറേറ്ററായി. ഡോ. കെ എന്‍ ഗണേഷ് (മൂലധനം: കാലിക പ്രസക്തി), രാജാജി മാത്യു തോമസ് (മൂലധനം: സമ്പത്തിന്റെ പ്രാകൃത കേന്ദ്രീകരണവും നവ ഉദാരീകരണവും) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ധനമുതലാളിത്ത പ്രതിസന്ധി തീര്‍ക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടം ജനങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണെന്ന് ഡോ. കെ എന്‍ ഗണേശന്‍ പറഞ്ഞു. തൊഴിലാളികളുടെ അധ്വാനത്തില്‍ കൈയിട്ടുവാരാന്‍ സാഹചര്യമൊരുക്കുകയാണ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നീതിരഹിത കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു. ഡോ. പി പ്രഭാകരന്‍ സ്വാഗതവും എ കെ ശശിധരന്‍ നന്ദിയും പറഞ്ഞു. 
ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ അനില്‍കുമാര്‍ ആലത്തുപറമ്പ് (മൂലധന രചനയും മാര്‍ക്സിന്റെ ജീവിതവും), കെ പി കുഞ്ഞിക്കണ്ണന്‍ (മൂലധനവും അധ്വാനവും) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. മാര്‍ക്സിസം പോലെ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയ ജീവിതവീക്ഷണമാണ് ഗാന്ധിസമെന്ന് കെ പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.  സ്വാര്‍ഥതയില്ലാത്ത ജീവിതമായിരുന്നു മാര്‍ക്സിന്റെയും ഗാന്ധിജിയുടെയും. 
 
പ്രധാന വാർത്തകൾ
Top