13 November Tuesday
മണ്ണിടിച്ചിൽ ഭീഷണി

ഈ അമ്മയ്‌ക്ക്‌ എങ്ങനെ ഉറങ്ങാനാകും

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ചെന്നിക്കരയിലെ ലീല വീടിന്റെ മുറ്റത്ത്‌. തൊട്ടുമുകളിൽ നിർമാണത്തിലുള്ള വൻ കെട്ടിടവും കാണാം

 സ്വന്തം ലേഖകൻ

കാസർകോട്‌
നഗരത്തിൽനിന്ന്‌ ഏറെ ദൂരമില്ല  ചെന്നിക്കരയിലെ ഈ വീട്ടിലേക്ക്‌. വയൽക്കരയിലെ  ചെറിയ നടവഴിയിലൂടെ ചെന്നാൽ എത്തുന്ന കുന്നിൻചരിവിലാണ്‌ വീട്‌.  ഇവിടെ  ഒറ്റയ്‌ക്ക്‌ താമസിക്കുന്ന 66 വയസ്സുള്ള ലീലയ്‌ക്ക്‌  ഉറക്കം നഷ്ടപ്പെട്ടിട്ട്‌ മാസങ്ങളായി. പുറത്ത്‌ കനത്ത മഴ പെയ്യുമ്പോൾ ഭീതിയോടെ ഉറങ്ങുന്നതെങ്ങനെയെന്ന്‌ ഇവർ ചോദിക്കുന്നു. പുറകിലെ കുന്ന്‌ ഏത്‌ നിമിഷവും വീടിനുമുകളിലേക്ക്‌ ഇടിഞ്ഞുവീഴാം.
കുന്നിനുമുകളിൽ നിർമാണത്തിലുള്ള ഫ്‌ളാറ്റാണ്‌ ഇവരുടെ ഇപ്പോഴത്തെ ഭീതിക്ക്‌ കാരണം. നാലുനില കെട്ടിടമാണ്‌ ഉയരുന്നത്‌. കുറച്ചുദിവസം മുമ്പ്‌ അൽപം മണ്ണിടിഞ്ഞ്‌ വീണു. മണ്ണ്‌ ഇളകിനിൽക്കുന്നതിനാൽ എന്താകും സ്ഥിതിയെന്ന പേടിയാണ്‌ ലീലയ്‌ക്ക്‌. മാത്രമല്ല, പുറകിലെ മരവും ഏതുനിമിഷവും വീഴാമെന്ന സ്ഥിതിയാണ്‌. മണ്ണിടിഞ്ഞാൽ ലീലയുടെ വീട്‌ ഉൾപെടെ ചെന്നു പതിക്കുന്നത്‌ നൂറുമീറ്ററോളം താഴെയുള്ള വയലിലേക്കാകും. ഇവരുടെ വീടിനുതാഴെയുള്ള കുഞ്ഞിക്കണ്ണന്റെ വീടിനും ഭീഷണിയുണ്ട്‌. 
നാൽപതു വർഷത്തോളമായി ഇവിടെ താമസം തുടങ്ങിയിട്ട്‌. ചെറിയ  ഓലപ്പുര മാറ്റി ഓടിട്ടിട്ട്‌ 30 വർഷം കഴിഞ്ഞു. കുടികിടപ്പായി കിട്ടിയ ഏഴുസെന്റ്‌ സ്ഥലമാണ്‌ ഇവർക്കുള്ളത്‌. അതിൽ അടുക്കളയും ഒറ്റമുറിയുമാണ്‌ ഈ വീട്ടിനുള്ളത്‌. പഴകിയതുകൊണ്ടുതന്നെ ഏതുനിമഷവും ഇടിഞ്ഞുപൊളിഞ്ഞു വീഴാം.  രണ്ടുസെന്റിലെ വീട്‌ കഴിഞ്ഞാൽ ബാക്കി സ്ഥലം ചരിവാണ്‌.  വിവാഹിതയാണെങ്കിലും ബന്ധം ഏറെ നിന്നില്ല. വർഷങ്ങളായി ഇവർ ഒറ്റയ്‌ക്കാണ്‌ കഴിയുന്നത്‌. ബീഡി തെറുപ്പിലൂടെ കിട്ടുന്ന ചെറിയ കൂലിയാണ്‌ ഏക വരുമാനമാർഗം. ആഴ്‌ചയിൽ ആയിരത്തഞ്ഞൂറു ബീഡിയാണ്‌ പരമാവധി തെറുക്കുക. ആയിരം ബീഡിക്ക്‌ കിട്ടുക 169 രൂപയാണ്‌. ഇതുകൊണ്ടു വേണം ജീവിക്കാൻ. അൽപം ആശ്വാസം ക്ഷേമ പെൻഷനാണ്‌. ദിവസം ഒരു നേരം ആഹാരം ഉണ്ടാക്കും. 
കഴിഞ്ഞദിവസം കലക്ടറേറ്റിൽ ഇവർ പരാതിയുമായി പോയി. താലൂക്ക്‌ ഓഫീസിൽനിന്ന്‌ ഏതോ ഉദ്യോഗസ്ഥൻ വന്നതായി ലീല പറഞ്ഞു. അവർ പരാതിയുടെ ഗൗരവം കണ്ടില്ല. കെട്ടിടം ഉയരുന്നതിനു മുമ്പുതന്നെ ലീല പരാതി പറഞ്ഞിരുന്നു. എന്നാൽ കെട്ടിടം  ഉടമ അത്‌ ചെവിക്കൊണ്ടില്ല.മണ്ണ്‌ താഴേക്ക്‌ വീഴാതിരിക്കാൻ ഷീറ്റ്‌ കെട്ടിയിട്ടുണ്ട്‌.  മണ്ണിടിച്ചിൽ ഉണ്ടായാൽ ഈ ഷീറ്റു താങ്ങില്ല. ‘ഞാനിങ്ങനെ കഴിഞ്ഞോളം, എന്നാൽ സമാധാനത്തോടെ ഉറങ്ങാൻ വിട്ടാൽമതി’‐ ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടപ്പെെട്ടങ്കിലും ഈ അമ്മയ്‌ക്ക്‌ കണ്ണീരടക്കാൻ കഴിയുന്നില്ല. 
 
പ്രധാന വാർത്തകൾ
Top