21 September Friday

ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷം സുനാമി തിരപോലെ കടൽ; ഭീതിയോടെ കുടുംബങ്ങൾ

സ്വന്തം ലേഖകൻUpdated: Wednesday Jul 18, 2018
കാസർകോട്
ആർത്തിരമ്പുന്ന തിരമാലകൾ മുറ്റത്തേക്കെത്തുമ്പോൾ ഭീതിയുടെ മുൾമുനയിലാണ് കാസിമിന്റെയും ബീഫാത്തിമയുടെയും കുടുംബങ്ങൾ. ചേരങ്കൈ കടപ്പുറത്ത് സർക്കാർ പട്ടയം നൽകിയ അഞ്ചുസെന്റ് വീതം ഭൂമിയിലാണ് വർഷങ്ങളായി ഇവർ കഴിയുന്നത്. കാസിമിന്റെയും ബീഫാത്തിമയുടെയും വീടുകൾക്കും കടലിനുമിടയിൽ സിപിസിആർഐ ഭാഗത്തേക്ക് ടാറിങ് റോഡുണ്ട്. കടൽ പ്രക്ഷുബ്ധമാകുന്നതോടെ തിരമാലകൾ റോഡും കടന്ന് മുറ്റത്തേക്കെത്തും. 
രണ്ടും നാലും വയസുള്ള കുട്ടികളുൾപ്പെടെ നാലുമക്കളുമായി എന്തുചെയ്യണമെന്നറിയാതെ ഭീതിയിലാണ് ബീഫാത്തിമ. ഇവരുടെ വീടിനോട് ചേർന്നാണ് കാസിമും ഭാര്യയും നാല് മക്കളും താമസിക്കുന്നത്. ഉച്ചസമയത്താണ് കടൽ കൂടുതൽ പ്രക്ഷുബ്ധമാകുന്നത്. മൊഗ്രാൽപുത്തൂരിൽ ചുമട്ടുതൊഴിലാളിയായ കാസിമിന് ഈ സമയത്ത് വീട്ടിലിരിക്കാനാവില്ല. എപ്പോഴാണ് തിരമാലകൾ വീടിനുള്ളിലേക്ക് ഇരമ്പിയെത്തുന്നതെന്ന ആധിയിലാണ് ജോലിചെയ്യുന്നതെന്ന് കാസിം പറയുന്നു. വീടിനുള്ളിലേക്കുപോലും കടൽവെള്ളമെത്തും. രാത്രിയിലും സ്ഥിതി വ്യത്യസ്തമല്ല.
കാറ്റും മഴയും ശക്തമാകുന്നതോടെ കടലോരം പൂർണമായും ഭീതിയിലാണ്. എംഎൽഎ സ്ഥലം സന്ദർശിച്ച് സെൽഫിയെടുത്ത് മടങ്ങുന്നതല്ലാതെ കടൽഭിത്തി നിർമിക്കാനാവശ്യമായ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചില്ലെന്ന് കാസിമും ബീഫാത്തിമയും ഉൾപ്പെടെയുള്ള കടലോരവാസികൾ ഒറ്റക്കെട്ടായി പറയുമ്പോൾ പ്രദേശത്തോടുള്ള അവഗണന എത്രത്തോളമെന്ന് വ്യക്തം. ചേരങ്കൈ കടപ്പുറത്താണ് കടൽക്ഷോഭം കൂടുതൽ ഭീതിയുണർത്തുന്നത്. കാസർകോട് നഗരസഭാ പരിധിയിൽപെടുന്ന ഇവിടെ കടൽഭിത്തി നിർമിക്കാനാവശ്യമായ എംഎൽഎയും നഗരസഭാ അധികൃതരും സ്വീകരിച്ചില്ല. ഇതിനോട് ചേർന്നുള്ള മൊഗ്രാൽപുത്തൂർ പഞ്ചായത്തിന്റെ തീരത്ത് കടൽഭിത്തി നിർമിച്ചിട്ട് വർഷങ്ങളായി. 
അന്നന്നത്തെ ജീവിതച്ചെലവിന് വേണ്ടി കഷ്ടപ്പെടുന്നതിനിടെ കടലോരത്തെ വീട്ടിൽ ആധിയോടെയാണ് ഓരോ കുടുംബവും കഴിയുന്നത്. മുഖ്യമന്ത്രിയുടെ കൈയിൽനിന്നും ധീരതയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങിയ താൻ ചുമട്ടുതൊഴിലാളിയാണെങ്കിലും എപിഎൽ കാർഡായതിനാൽ സൗജന്യറേഷൻപോലും കിട്ടാത്ത അവസ്ഥയാണെന്ന് കാസിം പറയുന്നു.  വർഷങ്ങൾക്ക് മുമ്പ് കടലിൽപെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയതിനാണ്‌ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരിൽനിന്നും രാഷ്ട്രപതിയിൽനിന്നും  കാസിം അവാർഡ് ഏറ്റുവാങ്ങിയത്‌.
പ്രധാന വാർത്തകൾ
Top