20 September Thursday

ഗ്രാമീണ മേഖലയിൽ കെഎസ്ആർടിസി മലയോരത്തിന്‌ ശുഭയാത്ര, സുഖയാത്ര

എ കെ രാജേന്ദ്രൻUpdated: Thursday May 17, 2018
രാജപുരം
ഇതൊരു വർഷം മുമ്പുള്ള കഥയാണ്. സുള്ള്യ ഭാഗത്തുനിന്ന് പാണത്തുരിലേക്ക് എത്തണമെങ്കിൽ മുന്നിൽ രണ്ടു മാർഗം മാത്രം. ഒന്നുകിൽ ജീപ്പ് സർവീസ്, അല്ലെങ്കിൽ കാൽനട. ശെകയിൽ കാശുണ്ടെങ്കിൽ ആദിവാസി വിഭാഗത്തിൽ പെട്ട സാധാരണക്കാർ ജീപ്പിൽ കയറും. ഇല്ലെങ്കിൽ 17 കിലോമീറ്ററോളം നടന്നു തീർക്കും. ഈ കഥ അവസാനിച്ചു. ഇപ്പോൾ ഇടവിട്ട് വരുന്ന കെഎസ്ആർടിസി ബസുണ്ട്. യാത്ര സുഗമമായതിൽ ആളുകൾക്ക് സന്തോഷം. 
ഗ്രാമീണ മേഖലയിലെ യാത്രാപ്രയാസം പരിഹരിക്കാൻ സർക്കാർ നേരിട്ടിറങ്ങി കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ തുടങ്ങിയതാണ് മലയോര മേഖലയിലെ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ പ്രധാന സമ്മാനങ്ങളിലൊന്ന്. രണ്ട് വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിൽ സർവീസ് ആരംഭിച്ചത് 31 ബസുകൾ. ജില്ലക്ക് അകത്തും പുറത്തും സംസ്ഥാനത്തിനു പുറത്തേക്കുമെല്ലാം കെഎസ്ആർടിസി ബസുകൾ ഓടുന്നു. ആനവണ്ടിയെന്ന് കളിയാക്കിയിരുന്നിടത്തുനിന്ന് ജനങ്ങൾ ഇഷ്ടവണ്ടിയായി കെഎസ്ആർടിസിയെ കാണാൻ തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രം വഴിയാണ് ഭൂരിഭാഗം ബസുകളും ഓടുന്നത്. നിർദിഷ്ട മലയോര ഹൈവേ റൂട്ടുവഴിയാണ് പല ബസുകളും. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം ടി കെ രാജന്റെ ഇടപെടലും പുതിയ ബസുകൾ വരാൻ കാരണമായി. 
ഈ സർക്കാറിന്റെ ആദ്യ സമ്മാനമായി അഞ്ച് കെഎസ്ആർടിസി ബസുകളാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് കാഞ്ഞങ്ങാട്‐പാണത്തൂർ‐സൂള്ള്യ അന്തർ സംസ്ഥാന പാതയിൽ ഓടുന്നത്. തലശേരി ഡിപ്പോയിൽനിന്ന് മൂന്നും കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് ഒന്നും തലശേരി‐ഇരിട്ടി‐വെള്ളരിക്കുണ്ട്‐ഒടയംചാൽ വഴി കാഞ്ഞങ്ങാടേക്കും വെള്ളരിക്കുണ്ട്നിന്ന് പരപ്പ ഒടയംചാൽ വഴി കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരുവിലേക്കും സർവീസ് നടത്തുന്നു. മലയോരത്തിന്റെ കുടിയേറ്റ ഗ്രാമങ്ങളെ എല്ലാം ബന്ധിപ്പിച്ച് ഇരിട്ടി മുതൽ ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, നടുവിൽ, കരിവച്ചാൽ, ആലക്കോട്, തേർത്തല്ലി, ചെറുപുഴ, ചിറ്റാരിക്കാൽ, ഭീമനടി, വെള്ളരിക്കുണ്ട്, പരപ്പ, ഒടയംചാൽ വഴി കാഞ്ഞങ്ങാടേക്ക് നാല് ബസുകളും സർവീസ് നടത്തുന്നു. പാണത്തൂരിൽനിന്ന് മംഗളുരുവിലേക്കും ബളാംതോടുനിന്ന് ബന്തടുക്ക വഴി കാസർകോട്ടേക്കും സർവീസ് നടത്തുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമായി റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. പുറമേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയും കെഎസ്ആർടിസി ഗ്രാമീണേമഖലയോട് താൽപര്യം കാണിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top