20 September Thursday

ഭീതി മാറാതെ കുന്നുംകൈ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

മലയിടിച്ചിൽ മൂലം അപകടം ഉണ്ടായ കുന്നുംകൈ ടൗൺ ജിയോളജിസ്റ്റ് വി ദിവാകരൻ, ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് ശ്രീജ എന്നിവർ സന്ദർശിക്കുന്നു

വെള്ളരിക്കുണ്ട് 

ചെങ്കുത്തായ മലയുടെ കീഴിലുള്ള ടൗണിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ഭയത്തിലാണ് ജനങ്ങൾ. 20 മീറ്റർ ഉയരമുള്ള വൻ മലയാണ് ഒരുഭാഗത്ത് ഉള്ളത്. ഇതിൽ നിന്നുള്ള ഉറവയിൽ കൂടി വെള്ളം കുത്തിയൊഴുകുന്നു. പല ഭാഗത്തായി മണ്ണിൽ വിള്ളലുകൾ ഉണ്ട്. വലിയ കല്ലുകളും ഈ മലയിടുക്കിലുണ്ട്. 
രണ്ട് മാസം മുമ്പാണ് ഒരുകോടി രൂപ ചെലവിൽ ടൗൺ വികസിപ്പിച്ചത്. ഈ മനോഹരമായ ടൗണാണ് മണ്ണിടിഞ്ഞ് തകർന്നത്. നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന ഇവിടെ ഇനിയും ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ  വൻ ദുരന്തമാകും.  ചൊവ്വാഴ്ച ജിയോളജിസ്റ്റ് വി ദിവാകരൻ, ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് ശ്രീജ, പിഡബ്ല്യുഡി  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ  സുരേഷ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ സി രഞ്ജിനി, തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ പി വി മുരളി എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ, വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ എന്നിവർ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 
അപകട സാധ്യത ഉള്ളതായി ഉന്നതോദ്യോഗസ്ഥർക്ക് ബോധ്യമായി. ഇതിൽനിന്നും രക്ഷനേടാൻ രണ്ട് മാർഗമാണുള്ളത്. ഒന്ന് താഴെ മുതൽ മുകൾഭാഗം വരെ  ചെരിച്ച് മണ്ണെടുത്ത് ആവശ്യമായ കെട്ടുകളുണ്ടാക്കി സംരക്ഷിക്കുക, മറ്റൊന്ന് കോൺക്രീറ്റ് ചെയ്യുക. ഇതിൽ ആദ്യത്തേതിന് മുകളിൽ പൊതുമരാമത്തിന് സ്ഥലമില്ല. മുകളിൽ സ്വകാര്യ  സ്ഥലമാണ്.  30 0മീറ്റർ വീതിയിൽ 15 മീറ്റർ ഉയരത്തിലും കോൺക്രീറ്റ് പാർശ്വഭിത്തി കെട്ടാനുള്ള നിർദേശം എം രാജഗോപാലൻ എംഎൽഎ മുഖാന്തിരം സർക്കാരിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്‌  അധികൃതർ പറഞ്ഞു. ടൗണിലൂടെയുള്ള വൈദ്യുതി ലൈനുകളും തകർന്നിരിക്കുകയാണ്. ഇവയെല്ലാം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top