Top
17
Wednesday, January 2018
About UsE-Paper

മാണിയാട്ട് നാടകരാവിന് ഇന്ന് തിരശ്ശീല ഉയരും

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
കോറസ് മാണിയാട്ടിന്റെ നാടകോത്സവ പന്തലില്‍ വനിതാ വളണ്ടിയര്‍മാര്‍ അരിയുണ്ട തയ്യാറാക്കുന്നു.

 തൃക്കരിപ്പൂര്‍ > മാണിയാട്ട് നാടകമത്സരത്തിന് ചൊവ്വാഴ്ച തിരിതെളിയും. എട്ട് രാവുകള്‍ ആഘോഷലഹരിയില്‍. കോറസ് മാണിയാട്ട് നേതൃത്വത്തിലാണ് ബഹുജന പങ്കാളിത്തത്തോടെ ആറാമത് എന്‍ എന്‍ പിള്ള സ്മാരക പ്രൊഫഷണല്‍ നാടകമത്സരം 22 വരെ സംഘടിപ്പിക്കുന്നത്. 

ചൊവ്വാഴ്ച വൈകിട്ട് അന്നൂരില്‍നിന്നും നാടകജ്യോതി പ്രയാണം ആരംഭിക്കും. തുടര്‍ന്ന് ഹോമിയോ ആശുപത്രി പരിസരത്തുനിന്നും ഘോഷയാത്ര. തുടര്‍ന്ന് നടന്‍ നെടുമുടി വേണു തിരി തെളിക്കും. കഴിഞ്ഞതവണ മുതല്‍ ഏര്‍പ്പെടുത്തിയ എന്‍ എന്‍ പിള്ള സ്മാരക ചലച്ചിത്ര അവാര്‍ഡ് ഇത്തവണ നെടുമുടി വേണുവിനാണ്. നാടകമത്സരം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവാര്‍ഡ് ജേതാവിനെ അനുമോദിക്കും. എട്ട് മത്സരനാടകവും ഒരു പ്രദര്‍ശന നാടകവും ഇത്തവണ അരങ്ങേറും. ആദ്യദിനം  കൊല്ലം കാളിദാസയുടെ കരുണ അരങ്ങേറും. ദിവസവും രാത്രി ഏഴിനാണ് നാടകം ആരംഭിക്കുന്നത്. 22ന് സമാപന ദിവസം കൊച്ചിന്‍ സംഘവേദിയുടെ വാക്ക് പൂക്കും കാലം പ്രദര്‍ശന നാടകവും അരങ്ങേറും. നാടകവിജയികള്‍ക്ക് സിനിമാ താരം മഞ്ജുവാര്യര്‍ ഉപഹാരം വിതരണം ചെയ്യും. വിജയരാഘവന്‍ മുഖ്യാതിഥിയാകും. ഉദ്ഘാടന ദിവസം പ്രേക്ഷകര്‍ക്ക് പുത്തരിവട വിതരണം ചെയ്യും. തിങ്കളാഴ്ച നാടകപ്പന്തലില്‍വച്ചാണ് അറുപതോളം വനിതാ വളണ്ടിയര്‍മാര്‍ അരിപ്പൊടിയും വെല്ലവും ചേര്‍ത്ത് നാലായിരത്തോളം അരിയുണ്ട പാകപ്പെടുത്തിയത്. ദിവസവും ചുക്കുകാപ്പിയും സമാപന ദിവസം 5000 പേര്‍ക്ക് സൌഹൃദ സദ്യയും നല്‍കും.