19 November Monday

നവകേരള സൃഷ്‌ടി ഒറ്റമനസ്സോടെ ധനസമാഹരണം

സ്വന്തം ലേഖകർUpdated: Friday Sep 14, 2018

പരപ്പയിൽ വെസ്‌റ്റ്‌ എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസീത രാജനിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം മന്ത്രി ഇ ചന്ദ്രശേഖരൻ ഏറ്റുവാങ്ങുന്നു

കാസർകോട്‌
പ്രളയം ദുരന്തംവിതച്ച കേരളത്തിന്റെ പുനഃസൃഷ്ടിക്ക് ജില്ലയിൽ ധനസമഹാരണ യജ്ഞം തുടങ്ങി. വൈള്ളരിക്കുണ്ട്‌, കാസർകോട്‌ താലൂക്കുകളിലായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ധനസഹമാഹരണം. ജനപ്രതിനിധികളും കലക്ടറും ജില്ലാ പൊലീസ്‌ മേധാവിയും ഉൾപെടെയുള്ളവർ പങ്കെടുത്തു. വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിൽ നടന്ന സമാഹരണത്തിൽ 84,74,127  രൂപയാണ് ആകെ ലഭിച്ചത്. 
ഇരു കേന്ദ്രങ്ങളിലും നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം നൽകാൻ മുന്നോട്ടുവന്നു. െഹാസ്‌ദുർഗ്‌, മഞ്ചേശ്വരം താലൂക്കുകളിൽ ശനിയാഴ്‌ചയാണ്‌ ധനസമാഹരണ യജ്ഞം. രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ ഹോസ്ദുർഗ് താലൂക്കിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ  മംഗൽപാടി  പഞ്ചായത്ത് ഹാളിലുമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ധനസമാഹരണം. മറ്റു ദിവസങ്ങളിൽ  കലക്ടർക്ക് നേരിട്ടും തുക കൈമാറാം.  കലക്ടർക്ക് മാത്രം ഇതുവരെ നാലു കോടിയോളം രൂപ ലഭിച്ചു.  
ധനസമാഹരണ യജ്ഞത്തിന്‌ ജില്ലയിലാകെ നല്ല മുന്നൊരുക്കം നടന്നിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്‌ച ഹൊസങ്കടി മുതൽ കാലിക്കടവുവരെ സൈക്കിൾ യാത്ര നടത്തിയിരുന്നു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലായിരുന്നു വെള്ളരിക്കുണ്ട്‌ താലൂക്ക്‌ തല ധനസമാഹരണ യജ്ഞം. രണ്ടര മണിക്കൂറിൽ പിരിഞ്ഞത് 35 ലക്ഷത്തോളം രൂപയാണ്‌. മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്‌തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി അധ്യക്ഷയായി. ജില്ലയുടെ പ്രത്യേകം ചുമതലയുള്ള  പ്രിൻസിപ്പൽ സെക്രട്ടറി  കെ ഗോപാലകൃഷ്ണഭട്ട്‌,  പഞ്ചായത്ത് പ്രസിഡന്റുമാരായ  എ വിധുബാല, പ്രസീത രാജൻ,സി കുഞ്ഞിക്കണ്ണൻ, ജെസി ടോം, പി ജി മോഹനൻ, ത്രേസ്യാമ്മ ജോസഫ്, എം രാധാമണി എന്നിവർ സംസാരിച്ചു.  കലക്ടർ ഡോ. ഡി  സജിത്ത് ബാബു സ്വാഗതവും ആർഡിഒ സി ബിജു നന്ദിയും പറഞ്ഞു. 
ഉച്ചയ്‌ക്കുശേഷം  കാസർകോട്‌ താലൂക്കിലായിരുന്നു ധനസമാഹരണ യജ്ഞം.  താലൂക്ക് ഓഫീസ് അങ്കണത്തിൽ  മന്ത്രി ഇ ചന്ദ്രശേഖരൻ  ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ ജി സി ബഷീർ,  പ്രിൻസിപ്പൽ സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ട്,  കലക്ടർ ഡോ. ഡി സജിത് ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരുടെ  അസോസിയേഷൻ പ്രസിഡന്റ്‌ എ എ ജലീൽ, എഡിഎം എൻ ദേവി ദാസ് എന്നിവർ  സംസാരിച്ചു. പ്രസ് ക്ലബ്, ബസ്സുടമ സംഘം, വിവിധ തദ്ദേശ സ്ഥാപനങ്ങൾ, വ്യാപാര സംഘങ്ങൾ എന്നിവർ ആദ്യഘട്ടത്തിൽ മന്ത്രിക്ക് തുക കൈമാറി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top