20 November Tuesday

എത്ര ചെറിയ തുകയായാലും നൽകണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
പരപ്പ/ കാസർകോട്‌
കേരളത്തിന്റെ പുനർ നിർമിതിക്ക്‌ ആവശ്യമായി വരുന്ന  പണം വളരെ വലുതാണെന്ന്‌  മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയരീതിയില്‍ ആശ്വാസധനം സഹായം നല്‍കണമെങ്കില്‍ത്തന്നെ ആയിരക്കണക്കിനു  കോടി രൂപ വേണം. വെള്ളരിക്കുണ്ട്‌, കാസർകോട്‌ താലൂക്കുകളിൽ നടന്ന ധനസമാഹരണ യജ്ഞം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
 കഴിഞ്ഞ ദിവസം ലഭിച്ച കണക്കനുസരിച്ചു പ്രളയത്തില്‍ 40,000 വളര്‍ത്തു മൃഗങ്ങള്‍ മാത്രം ചത്തു. പക്ഷി വിഭാഗത്തില്‍പ്പെട്ട  കോഴി, താറാവ് ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം പക്ഷികള്‍ക്കു നാശമുണ്ടായി. 59,000 ഹെക്ടര്‍ കൃഷി നശിച്ചു. 11,000 വീടുകള്‍ പൂർണമായും 1.2 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ നശിച്ചു. ചെറുകിട വ്യാപാരങ്ങള്‍ തകര്‍ന്നു.  ഇപ്പോള്‍ കണക്കാക്കിയതനുസരിച്ച് 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.  റോഡുകളും പാലങ്ങളും തകര്‍ന്നതു നന്നാക്കുവാനും വേണം വന്‍തുക.  ഒന്നും രണ്ടും തവണ സഹായിച്ചവര്‍ നമ്മള്‍ക്കിടയിലുണ്ട്. അവരില്‍ നിന്ന് ഇനിയും സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.  എത്ര ചെറിയ തുകയായാലും നല്‍കാന്‍ ആരും മടിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പ്രധാന വാർത്തകൾ
Top