26 September Wednesday

പ്രളയബാധിതരെ സഹായിക്കാൻ ഓണാഘോഷം മാറ്റിവച്ച്‌ തുക ദുരിതാശ്വാസ നിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കാഞ്ഞങ്ങാട്
സംസ്ഥാന ജനത പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോൾ ഓണക്കാലമായിട്ടും ആഘോഷങ്ങൾ മാറ്റിവച്ച്‌ പരിപാടികൾക്കായി സ്വരൂപിച്ച തുക സ്ഥാപനങ്ങളും, ക്ലബ്ബുകളും വായനശാലകളുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി. 
കാഞ്ഞങ്ങാട്‌ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ മാറ്റിവച്ച് ഇതിനായി ചെലവഴിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. മടിക്കൈ പബ്ലിക് റീഡിങ്‌ റൂം ലൈബ്രറി 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. വി ചന്തു അധ്യക്ഷനായി. എ നാരായണൻ സംസാരിച്ചു. 
പുരോഗമന കലാസാഹിത്യസംഘം ബേളൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ അട്ടേങ്ങാനം ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു), കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ 24ന് നടത്താനിരുന്ന ഗാനമേള ഉൾപ്പെടെയുള്ള ഓണഘോഷപരിപാടികൾ മാറ്റി. ഇതിനായി സ്വരൂപിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സംഘാടകസമിതി യോഗം തീരുമാനിച്ചു. സംഘാടകസമിതി ചെയർമാൻ എച്ച്‌ നാഗേഷ് അധ്യക്ഷനായി. ജനറൽ കൺവീനർ ബി മധുസൂദനൻ, മനോജ് പാറക്കല്ല്, സുബിൻ എന്നിവർ സംസാരിച്ചു. ‍ഡിവൈഎഫ്‌ഐ പട്ടോളി യൂണിറ്റ്, റെഡ്‌സ്റ്റാര്‍ ക്ലബ്‌ എന്നിവയുടെ ഓണാഘോഷ പരിപാടികൾക്കായി മാറ്റിവച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
രാവണീശ്വരം പാണംതോട് ബ്രദേഴ്സ് ക്ലബ്‌ 27ന് നടത്താനിരുന്ന  ഓണാഘോഷ പരിപാടികള്‍ മാറ്റി. ക്ലബ്‌ പ്രവര്‍ത്തകരില്‍നിന്ന്‌ ശേഖരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും.
പ്രധാന വാർത്തകൾ
Top