14 November Wednesday

വെള്ളരിക്കുണ്ട് പിഎച്ച്‌്്‌സിക്ക്‌ കെട്ടിടത്തിന്‌ 2 കോടി

സ്വന്തം ലേഖകൻUpdated: Tuesday Aug 14, 2018
വെള്ളരിക്കുണ്ട് 
വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിട സൗകര്യം ഒരുക്കാൻ രണ്ട് കോടി രൂപയുടെ പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് അറിയിച്ചു.ഇതോടെ വെള്ളരിക്കുണ്ട് ആശുപത്രിയുടെ ദുരിതത്തിന് പരിഹാരമാകും. മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഇടപെടലിലൂടെയാണ് ആശുപത്രി കെട്ടിടത്തിന് പ്രത്യേക ഫണ്ട് അനുവദിച്ചത്. താലൂക്ക്  ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ദുരിതത്തിലായിരുന്നു. 1969ൽ റൂറൽ ഡിസ്പെൻസറിയായി തുടങ്ങി 1986ൽ പിഎച്ച്സി ആയി മാറിയ പ്രാഥമിക ആരോഗ്യ കേന്ദ്രം കിഴക്കൻ മലയോരത്ത് കിടത്തി ചികിത്സയുള്ള  ഏക പിഎച്ച്സി ആണ്. ബളാൽ  പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ പഞ്ചായത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. തുടക്കത്തിൽ ജനകീയ കമ്മിറ്റി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് അന്ന് കമ്മിറ്റി നിർമിച്ച്‌ നൽകിയ ഓടിട്ട കെട്ടിടത്തിലാണ്‌ ഇന്നും പ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്നത്‌.  
മൂന്ന്‌ ഘട്ടങ്ങളിലായി 24 പേരെ കിടത്തി ചികിത്സിക്കാൻ അനുമതി ലഭിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയ്യാറായില്ല. പ്ലാസ്റ്റിക് വലിച്ചു കെട്ടിയ പഴയ ഓടിട്ട കെട്ടിടത്തിലാണ്‌ മെഡിക്കൽ ഓഫീസർ, ക്ലർക്ക്, ഓഫീസ് സ്റ്റാഫ്, ഒ പി ടിക്കറ്റ് മുറിക്കുന്ന സ്ഥലം, ഡ്രസിങ്്‌  റൂം,പാലിയേറ്റീവ് റൂം, ഇസിജി റൂം തുടങ്ങിയവ  പ്രവർത്തിക്കുന്നത്.തൊട്ടടുത്ത ചെറിയ രണ്ട് കെട്ടിടങ്ങൾ മരുന്ന് വിതരണത്തിനും ലാബിനും  ഐപി ചികിത്സക്കും ഉപയോഗിക്കുന്നു. മരുന്നുകൾ സൂക്ഷിക്കാൻ പോലും ആവശ്യത്തിന് സ്ഥലമില്ല.  24 ബെഡാണ്‌ അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാൽ 12 ബെഡ് മാത്രമാണ്‌   ഉപയോഗിക്കുന്നത്. രോഗികൾ അധികമായാൽ ബെഡ് പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ്‌ ഇടുക.അഞ്ച് ഡോക്ടർമാർ അടക്കം 35 ജീവനക്കാർ ജോലി ചെയ്യുന്നു. മരുന്നുകൾ ആവശ്യത്തിന് ഉണ്ട്. 
ജില്ലയിൽ  ആദിവാസി കുടുംബങ്ങൾ ഏറെയും ഉള്ളത് ബളാൽ പഞ്ചായത്തിലാണ്‌. ഇവിടെ നിന്നും കിടത്തിചികിത്സ ആവശ്യമുള്ള രോഗികൾ സർക്കാർ ആശുപത്രിയിൽ എത്തണമെങ്കിൽ 45 കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തണം. വർഷത്തിൽ 80000 രോഗികൾ ഒപിയിലും 3000 രോഗികൾ ഐപിയിലും ചികിത്സ തേടുന്നു. 2014 ൽ നബാർഡ് സഹായത്തോടെ 4.75 കോടിയുടെ കെട്ടിട നിർമ്മാണത്തിന് നടപടി തുടങ്ങി. പഞ്ചായത്ത് തുടർ പ്രവർത്തനങ്ങൾ നടത്തിയില്ല. കണ്ണൂർ ഗവ. എൻജിനിയറിങ്്‌ കോളേജിന്റെ സഹായത്തോടെ അഞ്ച് ലക്ഷം രൂപ മുടക്കി സോയിൽ ടെസ്റ്റ് നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എട്ട് വർഷമായി  അറ്റക്കുറ്റ പണി മുടങ്ങിയിട്ട്. താലൂക്ക് കേന്ദ്രത്തിലെ സർക്കാർ ആശുപത്രിയെ പഞ്ചായത്ത് ഉപേക്ഷിച്ചാലും സർക്കാർ കൈവിടില്ലെന്ന പ്രഖ്യാപനമാണ് കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചതിലൂടെ തെളിയിച്ചത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top