18 August Saturday

കേരള തീരുമാനം സ്വാഗതാർഹം: പി കരുണാകരന്‍ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
കാസർകോട്‌
കാഞ്ഞങ്ങാട്‐ കാണിയൂര്‍ റെയില്‍പാതയ്‌ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിഹിതം വഹിക്കാൻ തയ്യാറായത് ഏറെ സ്വാഗതാര്‍ഹമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. പാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ആവശ്യമായി വരുന്ന തുകയുടെ പകുതി  പാത കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന കേന്ദ്ര റെയിൽവേ  മന്ത്രാലയത്തിന്റെ നിർദേശം അതേപടി കേരള സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിർദേശം കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ചര്‍ച്ച നടത്തിയതിനെ തുടർന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ വിഹിതം വഹിക്കാമെന്ന് കാണിച്ച് കേന്ദ്രത്തിന്‌ കേരള സര്‍ക്കാര്‍ സമ്മതപത്രം നല്‍കിയത്‌. എംപി എന്ന നിലയില്‍  ഇക്കാര്യം മുഖ്യമന്ത്രി  നേരിട്ട് തന്നെവിളിച്ച് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തോടുള്ള താൽപര്യമാണ്‌  ഇതിലൂടെ പ്രകടമാകുന്നത്‌. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലൂടെ കടന്നുപോകുന്നതും  കർണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ  റെയില്‍പാത വികസനം പലതവണ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ് പാതയുടെ സർവേയും മറ്റ്‌ പ്രവർത്തനങ്ങളും തുടങ്ങിയത്‌. എന്നാൽ  സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള  ആശയക്കുഴപ്പമുണ്ടായി. കേരള സര്‍ക്കാര്‍ സമ്മതപത്രം നല്‍കിയതോടെ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത്‌  സ്ഥലമേറ്റെടുത്ത്‌  നിർമാണം ആരംഭിക്കാന്‍ കഴിയുമെന്നും എംപി പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top