Top
23
Tuesday, January 2018
About UsE-Paper

വേനലില്‍ വെള്ളത്തെ കാക്കാം; ഒരുങ്ങാം

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌
കാസര്‍കോട് > ഹരിതകേരള മിഷന്‍ നേതൃത്വത്തില്‍ ശുചിത്വം, മാലിന്യസംസ്കരണം, കൃഷി, ജലസംരക്ഷണ പ്രവര്‍ത്തനം എന്നിവ സജീവമാക്കാന്‍ ജില്ലാതല കര്‍മസേനായോഗം തീരുമാനിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി.
മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  20നകം സാങ്കേതിക സമിതികള്‍ യോഗം ചേരും. ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കണ്‍വീനറായി ജലസംരക്ഷണം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായി കൃഷി, ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കണ്‍വീനറായി ശുചിത്വം, മാലിന്യസംസ്കരണം ഉപസമിതികള്‍ രൂപീകരിച്ചു. 
വരള്‍ച്ചാ പ്രതിരോധത്തിന് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ്തലത്തില്‍ ആവിഷ്കരിക്കണം. ജലസംരക്ഷണം പൊതുജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനങ്ങള്‍ വരള്‍ച്ച നേരിടാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.  ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ 31നകം നടപ്പാക്കണം. 
ജില്ലയില്‍ 121 പോര്‍ട്ടബിള്‍ റൈസ്മില്‍ സ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 50 പാടശേഖര സമിതികള്‍ക്കും പോര്‍ട്ടബിള്‍ റൈസ് മില്‍ നല്‍കും. പച്ചക്കറി വിളവെടുപ്പ് പരിപാടികളും കൊയ്ത്തുത്സവങ്ങളും സംഘടിപ്പിക്കുമെന്നും  കലക്ടര്‍ പറഞ്ഞു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ അസി. പ്ളാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി കെ സുബൈര്‍, ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ജലീല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുഷമ എന്നിവര്‍ സംസാരിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »