18 November Sunday

സൈക്കിൾ ‍സന്ദേശ യാത്ര നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ജില്ലയില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ പ്രചാരണാർഥം നടത്തിയ സൈക്കിള്‍ സന്ദേശ യാത്ര പി കരുണാകരന്‍ എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു

കാസർകോട്‌
പ്രളയ ദുരന്തനിവാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  ജില്ലയില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ പ്രചാരണാർഥം ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തിൽ സൈക്കിള്‍ സന്ദേശ യാത്ര നടത്തി.  മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ നടത്തിയ സന്ദേശ യാത്ര ഹൊസങ്കടിയില്‍ പി കരുണാകരന്‍ എംപി ഫ്ളാഗ് ഓഫ് ചെയ്തു. പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷനായി.  കലക്ടർ ഡോ. ഡി സജിത്ബാബു, ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസിന് ഫ്‌ളാഗ് കൈമാറി. പ്രളയം തകര്‍ത്ത നാടിന്റെ പുന:സൃഷ്ടിക്കായി എന്തുസഹായം ചെയ്യാന്‍ കഴിയുമെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍  സൈക്കിളില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ എത്തിയത്‌.   25 സൈക്കിളുകളിലായാണ്  സന്ദേശ യാത്ര ജില്ലയില്‍ പ്രയാണം നടത്തിയത്. ഹൊസങ്കടി മുതല്‍ ഉപ്പള വരെ ജില്ലാ പോലീസ് മേധാവി സന്ദേശയാത്ര നയിച്ചു.  സംസ്ഥാനതലത്തില്‍ മൂന്നുപ്രാവശ്യം സൈക്കിളിങ്  ചാമ്പ്യനായ ഉദിനൂരില്‍ നിന്നുള്ള എസ്‌  വിനോദ്കുമാര്‍ പിന്നീട് യാത്ര നയിച്ചു. 
ഉദിനൂര്‍ ജിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണ്‌  സൈക്കിള്‍ റാലിയില്‍ പങ്കാളികളായത്. വൈകിട്ട് കാലിക്കടവില്‍ നടന്ന സമാപത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഫ്‌ളാഗ് ഏറ്റുവാങ്ങി. ഉപ്പള ബസ് സ്റ്റാന്‍ഡ്, കുമ്പള ബസ് സ്റ്റാന്‍ഡ്, ചൗക്കി, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, മേല്‍പറമ്പ, പാലക്കുന്ന്, പള്ളിക്കര, മാണിക്കോത്ത് മഡിയന്‍, പുതിയകോട്ട, നീലേശ്വരം മാര്‍ക്കറ്റ്, ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്.  
പ്രധാന വാർത്തകൾ
Top