15 November Thursday

കറങ്ങാം കാഞ്ഞങ്ങാട്‌ മയൂരിയിൽ

എം വി ഗ്രീഷ്‌മUpdated: Thursday Sep 13, 2018
കാഞ്ഞങ്ങാട്
ഓടിക്കുന്ന വാഹനങ്ങളില്‍  വ്യത്യസ്തത വേണമെന്ന്‌ ആഗ്രഹിക്കുന്നയാളാണ്‌ അരയിയിലെ  ജഗദീഷന്‍. വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ടെ വിവിധ സർക്കാർ ഓഫീസുകളില്‍ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് വാര്‍ത്തകളിലൂടെ മയൂരി ഇലക്ട്രിക്‌ ഓട്ടോയെക്കുറിച്ച് അറിയുന്നത്. പിന്നെ കാത്തുനില്‍ക്കാനുള്ള ക്ഷമ ജഗദീഷനുണ്ടായില്ല. കുട്ടിക്കാലം തൊട്ടേ വാഹനങ്ങളോട്‌ കമ്പമാണ്‌. ഗൂഗിളിലും യൂട്യൂബിലുമായി ഇലക്ട്രിക്‌ ഓട്ടോയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. അഞ്ച്‌  മാസമായി മയൂരിയെ സ്വന്തമാക്കാനുള്ള തിരക്കിലായിരുന്നു ജഗദീഷന്‍. ഒടുവില്‍  അരയിയില്‍നിന്ന്  കുത്തനെയുള്ള കയറ്റം കയറി ടെസ്റ്റ് റൈഡ് നടത്തി ജഗദീഷന്‍ മയൂരിയുടെ ലൈസന്‍സ് സ്വന്തമാക്കി.
ഇലക്ട്രിക്‌ ഓട്ടോ കാസര്‍കോടുകാര്‍ക്ക് അത്ര പരിചിതമല്ല. എട്ടുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്കാകും. അമിതവേഗതയില്ലെങ്കിലും 310 കിലോയോളം ഭാരം വഹിച്ച് 30 കിലോമീറ്റര്‍ താണ്ടാന്‍  തയ്യാർ. ഡല്‍ഹിയില്‍ പരീക്ഷണവിജയം നടത്തിയാണ് മയൂരി കേരളത്തിലിറങ്ങുന്നത്. നാല് ബാറ്ററികളും 1000വാട്ടിന്റെ മോട്ടോറുമടങ്ങിയ കുഞ്ഞുവണ്ടിയില്‍ അഞ്ച്‌ യാത്രക്കാർക്ക്‌ സഞ്ചരിക്കാം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേറ ഇലക്ട്രിക്കല്‍ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്  ഓട്ടോ പുറത്തിറക്കുന്നത്. അനുദിനം  വർധിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമാണ്‌  നൂതനസാങ്കേതിക വിദ്യകളടങ്ങിയ വണ്ടികള്‍. 
ജില്ലയിലാദ്യമായി മയൂരി ഇലക്ട്രിക്‌ ഓട്ടോ സ്വന്തമാക്കിയത്‌ ജഗദീഷനാണ്‌. നിരത്തിലിറങ്ങിയപ്പോള്‍ ആളുകള്‍ക്ക് കൗതുകവും ആശങ്കയുമായിരുന്നു. സാങ്കേതിക വശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ രജിസ്‌ട്രേഷന്‍ സമയത്ത്  കഷ്ടപ്പെട്ടു.  ഓട്ടോക്ക്‌ 1.65 ലക്ഷം രൂപ ചെലവ്‌ വന്നു. കാഞ്ഞങ്ങാട് ബസ്‌സ്‌റ്റാന്‍ഡിന് പിറകുവശത്തായി ആയുർവേദ പാരമ്പര്യ വൈദ്യശാല നടത്തുന്നവരാണ് ജഗദീഷന്റെ കുടുംബം. ആയുർവേദ മരുന്നുകള്‍ ജനങ്ങളിലേക്കെത്തിക്കാൻ മയൂരിയെയാണ്‌ ആശ്രയിക്കുന്നതെന്ന്‌  ജഗദീഷൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top