Top
11
Monday, December 2017
About UsE-Paper
കുടുംബശ്രീ സിഡിഎസ് പാലിയേറ്റീവ് സൊസൈറ്റിക്ക് 5.7 ലക്ഷം കൈമാറി

ഇതാ... വീണ്ടും മടിക്കൈ മോഡല്‍

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌
മടിക്കൈ കുടുംബശ്രീ സിഡിഎസിന്റെ പാലിയേറ്റീവ് സഹായം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കൈമാറുന്നു
കാഞ്ഞങ്ങാട് > സാന്ത്വന- ജീവകാരുണ്യ രംഗത്ത് മടിക്കൈ മോഡല്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനം സംസ്ഥാനത്തിനുമാതൃകയായി. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍  15 വാര്‍ഡുകളിലെ 256 അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 5,70,478 രൂപ പാലിയേറ്റീവ് സൊസൈറ്റിയെ ഏല്‍പിച്ചു. 
ഇതുവരെ 13,007,38 രൂപ വിവിധ വര്‍ഷങ്ങളിലായി മടിക്കൈ കുടുംബശ്രീ പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറിയിട്ടുണ്ട്. 2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച മടിക്കൈ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഇതിനകം മാതൃകാപരമായ ജീവകാരുണ്യ- സാന്ത്വന പരിപാടികളാണ് നടത്തിയത്. രോഗപീഡകളില്‍ ദുരിതജീവിതമനുഭവിക്കുന്നവരുടെ കുടുംബത്തിനും നാടിനും വെളിച്ചം പകര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പാലിയേറ്റീവ് സൊസൈറ്റിയെ 1.90 ലക്ഷം രൂപയുടെ ബാധ്യതയിലെത്തിച്ചപ്പോഴാണ് നാടൊന്നാകെ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍നിന്നും കുറഞ്ഞത് 100 രൂപയുടെ സഹായമാണ് പാലിയേറ്റിവ് സൊസെറ്റി അഭ്യര്‍ഥിച്ചത്. സാമ്പത്തിക സഹായത്തോടൊപ്പം രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍, വാട്ടര്‍ബെഡ്, വാക്കര്‍, സ്ട്രച്ചര്‍ തുടങ്ങിയവയും സംഭാവനയായി ലഭിച്ചു.
മടിക്കൈ സിഡിഎസിന്റെ തുക കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷനായി. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി ബേബി, കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി ഇന്ദിര, ശശീന്ദ്രന്‍ മടിക്കൈ, അബ്ദുള്‍ റഹിമാന്‍, പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി എം രാജന്‍, വി പ്രകാശന്‍, കെ നാരായണന്‍, മടത്തിനാട്ട് രാജന്‍ എന്നിവര്‍ സംസാരിച്ചു. 
എസ്ടി കുടുംബങ്ങള്‍ക്കുള്ള പൂരക പോഷണക്കിറ്റ് വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സ്നേഹനിധി വിതരണം എന്നിവയും പ്രോഗ്രാം ഓഫീസര്‍ പ്രമോദ് നിര്‍വഹിച്ചു സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ സാവിത്രി സ്വാഗതവും മെമ്പര്‍ സെക്രട്ടറി വി മധുസൂദനന്‍ നന്ദിയും പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »