20 July Friday
കൃഷി ഡയറക്ടര്‍ അന്വേഷിക്കും

കള്ളാറില്‍ നല്‍കിയത് ഗുണമില്ലാത്ത കുരുമുളക് തൈ

സ്വന്തം ലേഖകന്‍Updated: Sunday Aug 13, 2017
രാജപുരം > കള്ളാര്‍ പഞ്ചായത്ത് കൃഷിഭവനില്‍ വിതരണം ചെയ്ത കുരുമുളക് തൈകളില്‍ ക്രമക്കേട്. ഗുണനിലവാരമില്ലാത്ത തൈകള്‍ വിതരണം നടത്തിയെന്ന പരാതിയില്‍ കൃഷി ഡയറക്ടര്‍ അന്വേഷണമാരംഭിച്ചു. രാജപുരം കൃഷിഭവന്‍ മുഖാന്തരം വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ കുരുമുളക് പുനരുദ്ധാരണ പദ്ധതി പ്രകാരം സൌജന്യമായി വിതരണം ചെയ്തതിലാണ് ക്രമക്കേട്. ജൂലൈ  21ന് വിതരണം ചെയ്ത തൈകളില്‍ പകുതിയിലധികവും വേര് നശിച്ചതും സ്റ്റമ്പ് ഉണങ്ങിയതും മുളവരാന്‍ സാധ്യതയില്ലാത്തതുമാണ്. 6000 മുളപ്പിച്ച തൈയാണ് കൃഷിഭവനിലൂടെ വിതരണത്തിനായി സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത്. 
സ്വകാര്യ ഏജന്‍സി കൃഷിവകുപ്പ് ജീവനക്കാരെ സ്വാധീനിച്ചാണ് ഇത്തരം തൈകള്‍ വിതരണം ചെയ്തത്. ജീവനക്കാര്‍ കമ്മീഷന്‍ കൈപ്പറ്റിയതായും പരാതിയുണ്ട്. ഗുണനിലവാരമില്ലാത്ത കുരുമുളക് തൈകള്‍ ഫാമില്‍ നശിച്ച് പോകുന്നതിനിടയിലാണ് ഇവ കര്‍ഷകര്‍ക്ക് സൌജന്യമായി നല്‍കിയത്. വിതരണത്തിന് കൊണ്ടുവരുന്നതിന് മുമ്പ് കൃഷിവകുപ്പ് ജീവനക്കാര്‍ ഫാം പരിശോധിച്ച് തൈയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്. തൈ വിതരണത്തില്‍ വന്‍ ക്രമക്കേട് നടത്തി സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. 
കര്‍ഷകര്‍ക്ക് സൌജന്യമായി തൈ നല്‍കുമ്പോള്‍ സ്വകാര്യ ഫാം ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട പണം കൃത്യമായി കൃഷിവകുപ്പ് നല്‍കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതിനാല്‍ വിതരണം ചെയ്ത തൈകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കിളുത്തില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ജീവനക്കാര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും വേണ്ടപ്പെട്ടവരെ മാത്രം അറിയിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതായും ആക്ഷേപമുണ്ട്. കര്‍ഷകനായ കൊട്ടോടി വാഴവളപ്പിലെ എം രഞ്ജിത് നമ്പ്യാര്‍ ഇതുസംബന്ധിച്ച് കൃഷി മന്ത്രിക്കും, കാര്‍ഷിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കൃഷി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രധാന വാർത്തകൾ
Top