20 April Friday
പുലിയന്നൂര്‍ കൊലപാതകത്തിന് ഒരു മാസം

തെളിവുകള്‍ ഇണങ്ങുന്നില്ല; വല മുറുകുന്നില്ല

സ്വന്തം ലേഖകന്‍Updated: Saturday Jan 13, 2018
ചെറുവത്തൂര്‍ > പുലിയന്നൂരിലെ കളത്തേര വീട് നിശ്ശബ്ദമായിട്ട് ഒരു മാസം തികഞ്ഞു. ശാന്തമായ പുലിയന്നൂരിലെ നാട്ടിന്‍പുറത്താണ് കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്തയുമായി ഡിസംബര്‍ 14 പുലര്‍ന്നത്. റിട്ട. അധ്യാപിക ജാനകി കഴുത്തറുത്ത് കൊല്ലപ്പെട്ടിരിക്കുന്നു. ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് കുത്തേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ക്രൂരമായ കൊലപാതകവും കവര്‍ച്ചയും നാടിന് വിശ്വസിക്കാനാകാത്തതായിരുന്നു. 
അശാന്തിയുടെ ചെറുനിഴല്‍പോലുമില്ലാത്ത പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആവുന്നത്ര തെളിവുകള്‍ പൊലീസ് ശേഖരിച്ചു. കൃഷ്ണന്‍ മാസ്റ്ററില്‍നിന്ന് ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ നിരവധി തവണ മൊഴിയെടുത്തു. അതിന്റെയടിസ്ഥാനത്തില്‍ അടുത്ത ബന്ധുക്കളെയും നാട്ടുകാരെയും നിരവധി തവണ പൊലീസ് ചോദ്യം ചെയ്തു. കൃഷ്ണന്‍ മാസ്റ്ററുടെ നഷ്ടപ്പെട്ട ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പേ കത്തി കണ്ടെത്തിയെങ്കിലും ഇത് കൊലക്ക് ഉപയോഗിച്ചതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. നിരവധിപേരെ ചോദ്യം ചെയ്തതില്‍നിന്നും മാഷിന്റെ മൊഴിയില്‍നിന്നും കൊലപാതകിയാരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന സൂചന നിരവധി തവണ പൊലീസ്തന്നെ നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടത്ര തെളിവുകളില്ലാത്തതാണ് ഇപ്പോഴും പൊലീസിനെ കുഴക്കുന്നത്. 
കൃത്യമായ തെളിവില്ലാതെ അറസ്റ്റ് ചെയ്താല്‍ ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയാകുമെന്ന് പൊലീസ് വിശ്വസിക്കുന്നു. അതിനാല്‍ ശക്തമായ തെളിവ് ലഭിക്കുന്നതിനായി പൊലീസ് ഇപ്പോഴും ശ്രമം തുടരുകയാണ്. സംഭവം നടന്നതുമുതല്‍ കളത്തേര വീട് പൂര്‍ണമായും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മറ്റാര്‍ക്കും ഇതുവരെയായും വീടിനുള്ളില്‍ പ്രവേശനവും നല്‍കിയിട്ടില്ല. ഒരു മാസം തികയുമ്പോഴും പ്രതികളെ അറസ്റ്റുചെയ്യാന്‍ സാധിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. സിപിഐ എം നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി കേസ് സജീവമാക്കാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം.
പ്രധാന വാർത്തകൾ
Top