Top
18
Saturday, November 2017
About UsE-Paper

ശുഭമംഗളയില്‍ വിളിക്കാം കാജളിനെ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

മംഗളൂരു > മനുഷ്യകുലത്തില്‍ പിറന്നിട്ടും സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചെറുതൊന്നുമല്ല. കഷ്ടപ്പാടിന്റെ കയ്പേറിയ അനുഭവങ്ങളിലൂടെ ജീവിതം മടുത്ത് കണ്ണീരിന്റെ ഉറവ വറ്റിയപ്പോള്‍ ജീവിതം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കാജള്‍. ഉറ്റവരും ഉടയവരും തള്ളിപ്പറഞ്ഞപ്പോള്‍ സന്തോഷത്തിന്റെ നല്ല നാളേക്കായി ക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ റേഡിയോ ജോക്കിയെന്ന അവസരം കാജളിനെ തേടിയെത്തി. സെന്റ് അലോഷ്യസ് കോളേജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള കമ്യൂണിറ്റി റേഡിയോയില്‍ ഇനി റേഡിയോ ജോക്കിയായി ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട മാണ്ഡ്യ സ്വദേശി കാജളുമുണ്ടാകും. 

മംഗളൂരു ജെസ്യൂട്ട് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള  സെന്റ് അലോഷ്യസ് കോളേജ് നടത്തുന്ന കമ്യൂണിറ്റി റേഡിയോ സാരംഗ് 107.8 എഫ്എം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് അഞ്ചുമുതല്‍ ആറുവരെയാണ് കാജള്‍ ഒരുക്കുന്ന ശുഭമംഗള എന്ന പരിപാടി. കന്നടയില്‍ ഭിന്നലിംഗക്കാരെ മംഗളമുഖി എന്നാണ് വിളിക്കുക. അതുകൊണ്ടാണ് കാജളിന്റെ പരിപാടിക്ക് ശുഭമംഗള എന്നുപേരിട്ടത്. 14 വയസ് മുതലാണ് കാജളിന്റെ ശരീരത്തില്‍ വിചിത്രമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. പഠനത്തില്‍ മിടുക്കിയായിട്ടും സമൂഹത്തിന്റെ തുറിച്ചുനോട്ടത്തിനും അവഗണനക്കും വഴങ്ങി പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ബന്ധുക്കളും കൈവിട്ടതോടെ നാടുവിട്ട് മുംബൈയിലെത്തി. അവിടെ ഡാന്‍സ് ബാറില്‍ നര്‍ത്തകിയായി. പിന്നീട് സര്‍ക്കസ് കമ്പനിയിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഉഡുപ്പിയിലെ ബ്രഹ്മവരില്‍ വാടകവീട്ടിലാണ് താമസം ബ്യൂട്ടീഷനായും മേക്കപ് ആര്‍ടിസ്റ്റായും ജോലിചെയ്യുന്നുണ്ട്. 
മംഗളൂരിലെ രംഗഭൂമി നാടകസംഘവുമായി ബന്ധപ്പെട്ടപ്പോഴാണ് സെന്റ് അലോഷ്യസ് കോളേജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള കമ്യൂണിറ്റി റേഡിയോയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. ആദ്യ എപ്പിസോഡില്‍ ഭിന്നലിംഗക്കാരുടെ പ്രശ്നമാണ് അവതരിപ്പിക്കുക. കാജളിന്റെ അരങ്ങേറ്റം എല്ലാ ഭിന്നലിംഗക്കാര്‍ക്കും പുതുലോകത്തിന്റെ പുത്തന്‍ വെളിച്ചമാകുമെന്ന പ്രതീക്ഷയിലാണ് സെന്റ് അലോഷ്യസ് കോളേജ്.

Related News

കൂടുതൽ വാർത്തകൾ »