24 September Monday

കരുണയുടെ കരങ്ങൾ നവകേരള നിർമിതി ധന സമാഹരണ യജ്ഞം നാളെ മുതൽ

സ്വന്തം ലേഖകൻUpdated: Wednesday Sep 12, 2018

 കാസർകോട്‌

പ്രളയാനന്തര കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിൽ നാടിന്റെ സഹായം വീണ്ടും അഭ്യർഥിച്ച്‌  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാഴം, ശനി ദിവസങ്ങളിൽ ജനങ്ങളിലേക്ക്‌.  നവ കേരളത്തിന്റെ പുനഃസൃഷ്‌ടിക്ക്‌ ഒരുമിക്കണമെന്ന്‌ അഭ്യർഥിച്ച്‌ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്‌ മന്ത്രി ഇ ചന്ദ്രശേഖരൻ നേതൃത്വം നൽകും. താലൂക്ക്‌ അടിസ്ഥാനത്തിലാണ്‌ ഫണ്ട്‌ സമാഹരണം. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്‌ച ഹൊസങ്കടി മുതൽ കാലിക്കടവു വരെ സൈക്കിൾ സന്ദേശയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്‌. 
13ന്‌ രാവിലെ 10 മുതൽ ഉച്ചവരെ വെള്ളരിക്കുണ്ട്‌ താലൂക്കിലാണ്‌ ധന സമാഹരണത്തിന്റെ തുടക്കം. പരപ്പ ബ്ലോക്ക് ഓഫീസിലാണ് ഫണ്ട്‌ സമാഹരണം.  ചൊവ്വാഴ്ച താലൂക്കിലെ ഏഴ് പഞ്ചായത്തിലും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികൾ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ  അടങ്ങിയ സ്ക്വാഡ് വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരെ നേരിൽകണ്ട് സഹായം അഭ്യർഥിച്ചു. 
ഉച്ചയ്‌ക്കുശേഷം കാസർകോട്‌ താലൂക്കിലും മന്ത്രിയുടെ നേതൃത്വത്തിൽ സംഘം എത്തും. ഇതിനു മുന്നോടിയായി വ്യക്തികളേയും സംഘടനകളേയും സ്ഥാനപനങ്ങളേയും സമീപിച്ചതായി തഹസിൽദാർ കെ നാരായണൻ പറഞ്ഞു. മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. ശനിയാഴ്‌ച രാവിലെ ഹൊസ്‌ദുർഗ്‌ താലൂക്കിലും ഉച്ചയ്‌ക്കുശേഷം മഞ്ചേശ്വരം താലൂക്കിലും ധനസമാഹരണം നടത്തും. മന്ത്രിയെ കൂടാതെ എംഎൽഎമാർ, കലക്ടർ, ജില്ലാ പൊലീസ്‌ മേധാവി,  വകുപ്പ്‌ തലവന്മാർ എന്നിവരും പരിപാടികളിൽ എത്തും. ധനസമാഹരണത്തിനുള്ള നല്ല മുന്നൊരുക്കമാണ്‌ ജില്ലയിൽ നടന്നത്‌.  ധനസമാഹരണ യജ്ഞത്തിൽ ചെക്ക്, ഡി ഡി എന്നിവയ്ക്ക് പുറമെ തുകയും കൊണ്ടുവരാമെന്ന്‌ ജില്ലാ അധികൃതർ അറിയിച്ചിട്ടുണ്ട്‌. തുക ഡിഡിയാക്കാനുള്ള  സൗകര്യം താലൂക്ക് കേന്ദ്രങ്ങളിൽ ബാങ്ക് അധികൃതർ ഒരുക്കും.  
ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജില്ലാ അധികൃതർക്ക്‌ നേരിട്ട്‌ ലഭിച്ചത്‌ 4,02,53,121 രൂപയാണ്‌.  സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നേരിട്ട്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയ തുക ഇതിനു പുറമേ കോടികൾ വരും. ജില്ലയിൽ മൂന്ന്‌ വിഭവ സമാഹരണ കേന്ദ്രങ്ങൾ തുറന്ന്‌ വിഭവങ്ങൾ ശേഖരിച്ച്‌ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും എത്തിച്ചു. 
ധനസമാഹരണ യജ്ഞത്തിന്റെ പ്രചാരണാർഥമുള്ള സൈക്കിൾ യാത്ര ബുധനാഴ്‌ച രാവിലെ 8.30ന്‌ ഹൊസങ്കടിയിൽ പി കരുണാകരൻ എംപി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ചന്ദ്രഗിരി സംസ്‌ഥാന പാതയിൽ കൂടി പ്രയാണം നടത്തുന്ന യാത്ര വൈകിട്ട്‌ ജില്ലാ അതിർത്തിയായ കാലിക്കടവിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ പതാക ഏറ്റുവാങ്ങും. 25 സ്ഥിരാംഗങ്ങൾ സൈക്കിൾ യാത്രയിലുണ്ടാകും. കൂടാതെ ഓരോ കേന്ദ്രത്തിലും സ്‌കൂളുകളിലേയും കോളേജുകളിലേയും എൻഎസ്‌എസ്‌ യൂണിറ്്‌ അംഗങ്ങൾ, സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ, എൻസിസി, സ്‌കൗട്ട്‌ അംഗങ്ങൾ എന്നിവരും കണ്ണിചേരും. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിലെ എൻഎസ്‌എസ്‌ വളണ്ടിയർമാർ ഹൊസങ്കടി മുതൽ ഉപ്പള വരെ അനുഗമിക്കും. അതത്‌ കേന്ദ്രങ്ങളിൽ എംഎൽഎമാർ,  ബ്ലോക്ക്‌‐ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാന്മാർ മുതലായവർ യാത്രയെ സ്വീകരിക്കും. 
പ്രധാന വാർത്തകൾ
Top