16 November Friday

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്‌ നൗഫലിന്റെ സ്പോർട്സ് ഗാലറി ലക്ഷങ്ങൾ തട്ടി

കെ സി ലൈജുമോൻUpdated: Wednesday Sep 12, 2018
കാസർകോട് 
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി തളങ്കരയിലെ ടി എച്ച്‌ മുഹമ്മദ്‌ നൗഫൽ ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമായി തന്റെ സ്ഥാപനത്തെ വഴിവിട്ട് സഹായിച്ച് ലക്ഷങ്ങൾ സമ്പാദിച്ചതായുള്ള രേഖകൾ പുറത്ത്‌. ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് ക്രിക്കറ്റ് അസോസിയേഷന്റെ പണം നൽകരുതെന്ന നിയമം ലംഘിച്ചാണ് ജില്ലാസെക്രട്ടറിയായ മുഹമ്മദ്‌ നൗഫൽ തന്റെ സ്ഥാപനത്തിന്‌ പണം നൽകിയത്‌. 
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസ് പ്രവർത്തിക്കുന്നതുപോലും മുഹമ്മദ്‌ നൗഫലിന്റെ കെട്ടിടത്തിലാണ്. ഇതിന് അസോസിയേഷൻ വാടകയും നൽകുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്‌. നൗഫലിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് ഗാലറി എന്ന സ്ഥാപനത്തിൽനിന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടുപയോഗിച്ച് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ ക്രിക്കറ്റ് സാമഗ്രികളാണ് വാങ്ങിക്കൂട്ടുന്നത്. ഇതും ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ 65 ക്ലബ്ബുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹായം നേടിയെടുക്കേണ്ടതിനാൽ സെക്രട്ടറിയായ നൗഫലിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് ഗാലറിയിൽനിന്നാണ് ഇവരെല്ലാംതന്നെ ക്രിക്കറ്റ് ബോളുകൾ, പാഡുകൾ, സ്റ്റമ്പുകൾ, നെറ്റുകൾ എന്നിവയും അനുബന്ധ സാധനസാമഗ്രികളും വാങ്ങുന്നത്. 
വർഷത്തിൽ ഒരു ക്ലബ് ശരാശരി 25,000 രൂപയുടെ ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാറുണ്ട്. 65 ക്ലബ്ബുകൾ ഇവിടെനിന്ന് ക്രിക്കറ്റ് ഉപകരണങ്ങൾ വാങ്ങുമ്പോൾ ശരാശരി 16.25 ലക്ഷം രൂപ സ്പോർട്സ് ഗാലറിയിലൂടെ നൗഫലിന്റെ കൈകളിലെത്തും. ഇതിൽ പകുതിയിലേറെയും ലാഭമാണെന്നതാണ് യാഥാർഥ്യം. സ്വന്തം സ്ഥാപനത്തിന് വരുമാനം നേടിക്കൊടുക്കാനുള്ള വഴിയായി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിത്വം മുഹമ്മദ്‌ നൗഫൽ ഉപയോഗിക്കുകയാണ്. ക്രിക്കറ്റ് അസോസിയേഷനിലെ അംഗങ്ങൾപോലും സ്വന്തം സ്ഥാപനത്തിനോ കുടുംബാംഗങ്ങളുടെ സ്ഥാപനത്തിനോ അസോസിയേഷൻ ഫണ്ട് ഉപയോഗിക്കരുതെന്ന കർശന നിയമമുള്ളപ്പോഴാണ് ജില്ലാസെക്രട്ടറിയുടെ സാമ്പത്തിക തട്ടിപ്പ്. 
കാസർകോട് ഫെഡറൽ ബാങ്ക് ശാഖയിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ 13700200005239 നമ്പറിലുള്ള അക്കൗണ്ടിൽനിന്ന് 2016ൽ ആദ്യ ഗഡുവായി മാർച്ച് രണ്ടിന് 1,16,536 രൂപയുടെ ചെക്കാണ് സ്പോർട്സ് ഗാലറിക്ക് നൽകിയത്. 2017 ഡിസംബർ 26ന് 50,000 രൂപയുടെ ചെക്കും കൈമാറിയിട്ടുണ്ട്. ഈ വർഷം ക്രിക്കറ്റ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ 1,94,399 രൂപയുടെ ചെക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അക്കൗണ്ടിൽനിന്ന് നൽകി. 
ഇവയ്ക്ക് പുറമെ ഓരോ വർഷവും നടക്കുന്ന സെലക്ഷൻ ട്രയൽസിന്റെ പേരിലും സ്പോർട്സ് ഗാലറിക്ക് മുഹമ്മദ്‌ നൗഫൽ വഴിവിട്ട സഹായം ചെയ്തുകൊടുക്കാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നാല് വിഭാഗങ്ങളിലായി നടക്കുന്ന സെലക്ഷൻ ട്രയൽസിനെത്തുന്ന കുട്ടികൾ വൈറ്റ്സും കിറ്റും കരുതണമെന്ന അറിയിപ്പോടെ സ്വന്തം ഫോൺനമ്പറും നൽകി പത്രങ്ങളിൽ വാർത്ത നൽകും. ഈ നമ്പറിൽ വിളിക്കുന്ന രക്ഷിതാക്കളോ ക്ലബ്ബുകളോ വൈറ്റ്സും കിറ്റും എവിടെ ലഭിക്കുമെന്ന് ചോദിക്കുമ്പോൾ   സ്പോർട്സ് ഗാലറിയിൽ ലഭിക്കുമെന്നും ഇവ നിർബന്ധമാണെന്നും മറുപടി നൽകും. ഇതോടെ ഒന്നുമറിയാത്ത രക്ഷിതാക്കളും ക്ലബ്ബുകളും ഇവിടെയെത്തി എത്ര വില നൽകിയും ഇവ വാങ്ങും. ഇങ്ങനെയും വൻ വരുമാനമാണ് മുഹമ്മദ്‌ നൗഫൽ തന്റെ സ്ഥാപനത്തിലേക്കെത്തിക്കുന്നത്. ഇത്തരത്തിൽ ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികളാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ നടക്കുന്നത്. ഇവ സംബന്ധിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും സജീവമായിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top