14 November Wednesday

ബെള്ളച്ചേരിയിൽ കാട്ടുപന്നി ആക്രമണം: അമ്മയ്‌ക്കും മകനും പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

 

സ്വന്തം ലേഖകൻ
അഡൂർ 
അഡൂർ ബെള്ളച്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകനും പരിക്കേറ്റു. പരേതനായ നാരായണൻ മണിയാണിയുടെ ഭാര്യ ശാരദ, മകൻ മനോഹരൻ എന്നിവരെ സാരമായ പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ശനിയാഴ്ച രാവിലെ ഒമ്പതിന്‌ വീടിനടുത്തുള്ള തോട്ടത്തിലെ കുളത്തിൽ ശാരദ അലക്കുകയായിരുന്നു. ഈ സമയം പിന്നിൽകൂടി വന്ന കാട്ടുപന്നി ആക്രമിച്ചു. കാലിന്റെ പിറകുവശത്തെ മാംസം കടിച്ചെടുത്തു. കനത്ത മഴയായതിനാൽ പന്നി വരുന്നത് ശാരദയറിഞ്ഞില്ല. നിലവിളികേട്ട് മകൻ മനോഹരൻ ഓടിയെത്തി. അതോടെ പന്നി മനോഹരനെ ആക്രമിച്ചു. മുട്ടിന് താഴെയാണ് പരിക്ക്. മനോഹരന്റെ ഇടപെടൽകൊണ്ട് കാട്ടുപന്നി ഓടിപ്പോയെങ്കിലും സാരമായ പരിക്കോടെ തോട്ടത്തിൽതന്നെ വീണു. അയൽവാസികളും നാട്ടുകാരുമാണ്‌ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്‌. 
മനോഹരന്റെ കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്തു. രണ്ടുദിവസം മുമ്പ് ശാരദയുടെ മകൻ മുരളിയേയും കാട്ടുപന്നി ആക്രമിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാരനായ മുരളി ജോലികഴിഞ്ഞ്‌ മടങ്ങിവരുമ്പോൾ വീടിനടുത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിൽനിന്ന്‌ വീണപ്പോഴുണ്ടായ ശബ്ദംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ആറുമാസം മുമ്പ് ഇവരുടെ ബന്ധുവായ ചന്ദ്രൻ മണിയാണിക്കെതിരെയും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി.കാൽപാദം കടിച്ചുപറിച്ചാണ് പന്നി കടന്നത്‌. ഈ മേഖലകളിൽ കാട്ടു പന്നി ശല്യം രൂക്ഷമാണ്. കൃഷിനാശം വരുത്തുന്നതിന് പുറമെയാണ് മനുഷ്യർക്ക് നേരെയുള്ള ആക്രമണം. വനംവകുപ്പ് ജീവനക്കാരോട് വിഷമം പറയുമ്പോൾ അവർ കൈമലർത്തുകയാണ്‌.
പ്രധാന വാർത്തകൾ
Top